banner

അരുണാചലിൽ വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽപെട്ടതിനെ തുടർന്ന് കൊല്ലപ്പെട്ട മലയാളി സൈനികൻ അശ്വിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കും. എത്രയും വേഗം നാട്ടിൽ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാൽ പറഞ്ഞു. അശ്വിന്റെ വേർപാടിൽ ദുഖത്തിലാണ് കാസർകോട് ചെറുവത്തൂർ കിഴക്കേമുറി നിവാസികളും സുഹൃത്തുക്കളും ബന്ധുക്കളും.

ചെറുവത്തൂർ കിഴേക്കമുറിയിലെ കാട്ടുവളപ്പിൽ അശോകന്റെ മകൻ കെ വി അശ്വിൻ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വിവരം ഇന്നലെ വൈകുന്നേരമാണ് അധികൃതർ ബന്ധുക്കളെ അറിയിച്ചത്. നാല് വർഷം മുമ്പാണ് അശ്വിൻ സൈന്യത്തിൽ ചേർന്നത്. ഇലക്‌ട്രോണിക് ആൻഡ്‌ മെക്കാനിക്കൽ വിഭാഗം എഞ്ചിനീയറായിരുന്നു ഇദ്ദേഹം.

ഓണം ആഘോഷിക്കാനായി നാട്ടിലെത്തിയ അശ്വിൻ ഒരു മാസം മുൻപാണ് തിരികെ പോയത്. നാട്ടിലെത്തുമ്പോഴെല്ലാം പൊതുരംഗത്തും കായിക രംഗത്തും സജീവമായിരുന്നു. അസമിലെ ഡിഞ്ചാൻ സൈനിക ആശുപത്രി മോർച്ചറിയിലാണ് ഇപ്പോൾ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാളെ വിമാന മാർഗം കേരളത്തിലേക്ക് എത്തിക്കും. മാതാപിതാക്കളും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഇരുപത്തിനാലുകാരനായ അശ്വിൻ.

Post a Comment

0 Comments