banner

വാതിലില്ലാതെ സർവ്വീസ് നടത്തിയ ബസ് കസ്റ്റഡിയിൽ

കോട്ടയത്ത് ബസിൽ യാത്ര ചെയ്യുന്നതിനിടെ വിദ്യാർത്ഥി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ പൊലീസ് നടപടി. അപകടത്തിന് കാരണമായ ബസ് കോട്ടയം ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തു. 

ബസ് ഡ്രൈവർ ചിങ്ങവനം കൈനടി സ്വദേശി മനീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അമിത വേഗതയ്ക്കും അശ്രദ്ധമായ ഡ്രൈവിങ്ങിലൂടെ അപകടമുണ്ടാക്കിയതിനും ഇയാൾക്കെതിരെ കേസെടുത്തു. 

ഡോറില്ലാതെയാണ് ബസ് അതിവേഗത്തിൽ അപകടസമയത്ത് ഓടിയത്. കുട്ടി തെറിച്ചു വീണിട്ടും ബസ് നിർത്താതെ പോയി. 

എട്ടാംക്ലാസ് വിദ്യാർത്ഥിയായ അഭിരാമിനാണ് ഓടുന്ന ബസില്‍നിന്ന് തെറിച്ചുവീണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ കോട്ടയം പവര്‍ഹൗസ് ജംഗ്ഷന് സമീപമായിരുന്നു അപകടം. അപകടത്തില്‍ കുട്ടിയുടെ രണ്ട് പല്ലുകള്‍ ഇളകി. ചുണ്ടിനും വലതുകൈമുട്ടിനും പരിക്കേല്‍ക്കുകയും ചെയ്തു.

ബസ്സിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. ബസിന്റെ വാതില്‍ അടച്ചിരുന്നില്ലെന്നും അപകടത്തില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ബസ് ജീവനക്കാര്‍ തയാറായില്ലെന്നും അഭിരാമിന്റെ പിതാവ് ഷിനോയും ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് സംഭവത്തില്‍ നടപടി സ്വീകരിച്ചത്.

Post a Comment

0 Comments