ഗുജറാത്തിലെ ഗിറില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ കുടുംബം ബലി നല്‍കിയതായി റിപ്പോര്‍ട്ട്. കേരളത്തിലെ നരബലിയില്‍ നടുക്കം മാറുന്നതിനു മുന്‍പാണ് നമ്മുടെ രാജ്യത്തിനകത്ത് നിന്ന് തന്നെ സമാനമായ മറ്റൊരു വാര്‍ത്ത കൂടി പുറത്തു വരുന്നത്.
ഗിര്‍ സോമനാഥ് ജില്ലയിലെ ധാര ഗിര്‍ വില്ലേജിലെ ഒരു കുടുംബമാണ് 14 വയസ്സ് മാത്രം പ്രായമുള്ള തങ്ങളുടെ മകളെ ബലി നല്‍കിയത്. നരബലിയെന്ന് സംശയിക്കുന്ന കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സാമ്പത്തിക ലാഭത്തിനായി കുടുംബം മകളെ ബലിയര്‍പ്പിച്ചതായാണ് ഗ്രാമവാസികള്‍ ആരോപിക്കുന്നത്. ഗ്രാമവാസികളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് സംഭവത്തില്‍ ഇടപെട്ടത്.
നവരാത്രി നാളിലായിരുന്നു സംഭവം.ഗ്രാമ പഞ്ചായത്തില്‍ അവളുടെ മരണം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഗ്രാമവാസികള്‍ പോലീസിനെ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി കുടുംബത്തിന്റെ കൃഷിയിടത്തില്‍ സംസ്‌കരിച്ചതായി ഗ്രാമവാസികള്‍ ആരോപിച്ചു. തുടര്‍ന്ന് പോലീസും ഫോറന്‍സിക് സംഘവും കേസില്‍ തെളിവുകള്‍ ശേഖരിക്കുകയായിരുന്നു.
കുടുംബത്തിന് ഐശ്വര്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഒക്ടോബര്‍ മൂന്നിന് രാത്രി കുട്ടിയെ ബലി നല്‍കിയതെന്നാണ് ഗ്രാമവാസികള്‍ ആരോപിക്കുന്നത്. എന്നാല്‍ കുട്ടി പുനര്‍ജനിക്കുമെന്നായിരുന്നു മാതാപിതാക്കളുടെ വിശ്വാസം. ഇതിനായി അവര്‍ മൃതദേഹം നാല് ദിവസത്തേക്ക് സൂക്ഷിച്ചു. അതിനുശേഷം കുറച്ച് കുടുംബാംഗങ്ങളുടെയും ചില ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ കുട്ടിയെ ഫാമില്‍ സംസ്‌കരിച്ചു. ഇത് പ്രദേശവാസികളില്‍ സംശയം ജനിപ്പിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
ബുധനാഴ്ച കുട്ടിയുടെ വീട്ടിലെത്തിയ പോലീസ് കുട്ടിയുടെ പിതാവ് ഭവേഷ് അകബാരിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ നിരന്തരം മൊഴികള്‍ മാറ്റിപ്പറഞ്ഞു കൊണ്ടിരുന്നത് പോലീസില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്ന് ഫാമില്‍ നിന്ന് പോലീസ് കുട്ടിയുടെ ചിതാഭസ്മം ശേഖരിച്ചു. കുട്ടിയുടെ ദുരൂഹ മരണത്തില്‍ മാതാപിതാക്കളെ സംശയിക്കുന്നതായി ഗിര്‍ സോമനാഥ് ജില്ലാ പോലീസ് സൂപ്രണ്ട് മനോഹര്‍സിന്‍ഹ് ജഡേജ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
0 Comments