banner

സർവകലാശാലയിലെ വി.സി നിയമനം റദ്ദാക്കിയ നടപടി; പുനഃപരിശോധനാ ഹർജി നൽകാൻ സർക്കാർ

ഡൽഹി : സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ രാജശ്രീ എം എസിന്റെ നിയമനം റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി നൽകും. സീനിയർ അഭിഭാഷകരുടെ നിയമ ഉപദേശം ലഭിച്ച ശേഷം ഹർജി ഫയൽ ചെയ്യുന്നതിനുള്ള തുടർ നടപടികൾ സർക്കാർ സ്വീകരിക്കും. സുപ്രീം കോടതി വിധി മറ്റ് സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനത്തെ പോലും ബാധിക്കാൻ സാധ്യത ഉള്ളതിനാലാണ് സംസ്ഥാന സർക്കാർ പുനഃപരിശോധന ഹർജി നൽകുന്നത്.

സുപ്രീം കോടതി ഇന്നലെ പുറപ്പെടുവിച്ച വിധിക്ക് ദൂരവ്യാപക പ്രത്യഘാതം ഉണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ സീനിയർ അഭിഭാഷകരുടെ വിലയിരുത്തൽ. വൈസ് ചാൻസലർ നിയമനം ഉൾപ്പടെ സർവകലാശാല ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമസഭാ പാസാക്കുന്ന നിയമങ്ങൾ അപ്രസക്തമാകുമെന്നാണ് സർക്കാരിന്റെ ആശങ്ക. ഇത് ഫെഡറൽ തത്വങ്ങൾക്കും, സുപ്രീം കോടതിയുടെ തന്നെ മുൻ വിധികൾക്കും എതിരാണെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി വിധി ഉദ്ധരിച്ച് മറ്റ് വൈസ് ചാൻസലർമാരുടെ നിയമനം ചോദ്യം ചെയ്ത് കൂടുതൽ ഹർജികൾ വരും ദിവസങ്ങളിൽ ഹൈകോടതിയിൽ എത്താൻ സാധ്യത ഉണ്ട്. അതിനാൽ എത്രയും വേഗം പുനഃപരിശോധന ഹർജി ഫയൽ ചെയ്യണം എന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമ ഉപദേശം.

Post a Comment

0 Comments