പ്രധാനമായും രാത്രി 10 മണിക്കും പുലര്‍ച്ചെ 5 നും ഇടയിലുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗതാഗതവകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍ മാത്രമേ യാത്രയ്ക്ക് ഉപയോഗിക്കാവൂ.
സര്‍ക്കാരിന്റെ അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരെ മാത്രം നിയോഗിക്കണം. വിനോദസഞ്ചാര വകുപ്പ് അംഗീകാരം നല്‍കിയ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടിക വകുപ്പ് വെബ്സൈറ്റില്‍ ലഭിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. അനധികൃതമായി രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകള്‍ ഘടിപ്പിച്ചതും ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുന്നതുമായ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല.
സ്‌കൂള്‍ അധികൃതര്‍ വാഹനങ്ങളുടെ ഫിറ്റ്നസ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ് എന്നീ രേഖകള്‍ പരിശോധിക്കണം. ഡ്രൈവറുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് പരാതി നല്‍കണമെങ്ങില്‍ യാത്രയ്ക്കുശേഷം ആര്‍.ടി.ഒ.യെ അറിയിക്കണം.
മറ്റു പ്രധാനനിര്‍ദേശങ്ങള്‍:
1. സ്‌കൂള്‍ മേലധികാരിയുടെ പൂര്‍ണനിയന്ത്രണത്തില്‍ ഒരു അധ്യാപക കണ്‍വീനറുടെ ചുമതലയില്‍ സംഘടിപ്പിക്കണം. സ്‌കൂള്‍ പാര്‍ലമെന്റിലെ ഒരു വിദ്യാര്‍ത്ഥി കണ്‍വീനറേയും രണ്ട് അധ്യാപക പ്രതിനിധികളേയും ഒരു പി.ടി.എ. പ്രതിനിധിയേയും ഉള്‍പ്പെടുത്തി യാത്രാകമ്മിറ്റി രൂപീകരിക്കണം.
2. സ്ഥലം, യാത്രാപരിപാടികള്‍, താമസം, ചെലവ് എന്നിവയുമായി ബന്ധപ്പെട്ട് വിശദമായ രൂപരേഖ തയ്യാറാക്കണം. സ്‌കൂള്‍ പി.ടി.എ. ഇത് ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. സന്ദര്‍ശിക്കുന്ന സ്ഥലം, പുറപ്പെടുന്നതും തിരിച്ചെത്തുന്നതുമായ സമയം തുടങ്ങിയ വിവരങ്ങള്‍ സ്‌കൂളിനും വിദ്യാഭ്യാസവകുപ്പിനും സമര്‍പ്പിക്കണം.
3. രക്ഷിതാക്കളുടെ യോഗം ചേര്‍ന്ന് വിവരങ്ങളും തയ്യാറെടുപ്പും അറിയിക്കണം.
4. ഒരു അക്കാദമിക് വര്‍ഷത്തില്‍ ഇടവിട്ടോ തുടര്‍ച്ചയായോ 3 ദിവസം മാത്രമേ യാത്രയ്ക്കായി ഉപയോഗിക്കാവൂ.തുടര്‍ച്ചയായ മൂന്നു ദിവസമാണെങ്കില്‍ സ്‌കൂള്‍ പ്രവൃത്തിദിനമല്ലാത്ത ദിവസം കൂടിചേര്‍ക്കണം.
5. പഠനപ്രാധാന്യമുള്ള സ്ഥലങ്ങളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കണം.
6. ജലയാത്ര, വനയാത്ര എന്നിവ നടത്തുമ്ബോള്‍ ബന്ധപ്പെട്ട അധികാരികളെ മുന്‍കൂട്ടി അറിയിക്കണം. അവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
7. രക്ഷിതാക്കളുടെ പ്രതിനിധികളെ യാത്രയില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.
8. യാത്ര പോകുന്നതിന് മുന്‍പ് പ്രദേശത്തെ പോലീസ് സ്റ്റേഷനില്‍ സമഗ്ര റിപ്പോര്‍ട്ട് നല്‍കണം.
9. യാത്രാസംഘത്തിലെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:15 എന്നായിരിക്കണം.
10.യാത്രാസംഘത്തെ പ്രധാന അധ്യാപകനോ സീനിയര്‍ അധ്യാപകനോ അനുഗമിക്കണം.
0 Comments