banner

നാല് കിലോയിലധികം കഞ്ചാവുമായി യുവാവ് കുളത്തിൽ ചാടി; ഒപ്പംചാടി കരയ്ക്കെത്തിച്ച് പൊലീസ്

പാലക്കാട് : കഞ്ചാവുമായി കുളത്തില്‍ ചാടിയ പ്രതിയെ നീന്തിപ്പിടിച്ച് പൊലീസ്. കൊടുവായൂര്‍ സ്വദേശി സനൂപിനെയാണ് പുതുനഗരം പൊലീസ് പിടികൂടിയത്. സനുപിന്റെ കൂടെയുണ്ടായിരുന്ന കൂട്ടു പ്രതി രക്ഷപ്പെട്ടു.കൊടുവായൂരിന് സമീപം എസ്‌ഐയുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് രണ്ട് യുവാക്കള്‍ ബൈക്കുമായി വന്നത്. എന്നാല്‍ പൊലീസ് കൈ കാണിച്ചിട്ടും ബൈക്ക് നിര്‍ത്താതെ കടന്നു കളയുകയായിരുന്നു.

വണ്ടി നിര്‍ത്താതെ പോയതോടെ പൊലീസിന് സംശയമായി. പിന്നാലെ പൊലീസ് ഇവരെ പിന്തുടര്‍ന്നു. പൊലീസ് പിടിക്കുമെന്നായപ്പോള്‍ പിന്നിലുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടു. ഏറെ ദൂരം യാത്ര ചെയ്ത ശേഷം സനൂപ് വാഹനം ഉപേക്ഷിച്ച് മുന്നിലുണ്ടായിരുന്ന ചാക്ക് കെട്ടുമായി കുളത്തിലേക്ക് ചാടി. പ്രതി ചാടിയതിനു പിന്നാലെ പൊലീസും എടുത്തു ചാടുകയായിരുന്നു. ശേഷം പ്രതിയെ പിടികൂടി.

നാല് കിലോ മൂന്നൂറ് ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടികൂടി കരയിലെത്തിച്ചു. കൂടാതെ കഞ്ചാവ് വില്‍പനയില്‍ നിന്ന് കിട്ടിയതായി കരുതപ്പെടുന്ന അറുപതിനായിരം രൂപയും കണ്ടു കെട്ടി. പിന്നിലുണ്ടായിരുന്ന പ്രതിയെ അധികം വൈകാതെ പിടികൂടുമെന്നും, ഇയാള്‍ സ്‌കൂള്‍ കോളേജ് കേന്ദ്രീകരിച്ച് പതിവായി കഞ്ചാവ് വില്‍പന നടത്താറുണ്ടെന്നും പൊലീസ് പറഞ്ഞു.

Post a Comment

0 Comments