banner

'നിയമങ്ങൾ ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ നിരത്തിലിറങ്ങരുത്'; കടുത്ത ഭാഷയിൽ ഹൈക്കോടതി

കൊച്ചി : നിയമങ്ങൾ ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ നിരത്തിലിറങ്ങരുതെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങളോട് സൗമ്യമായി പെരുമാറേണ്ട ആവശ്യമില്ല. ചട്ടങ്ങൾ ലംഘിക്കുന്ന ബസ്സുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ റദ്ദാക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

ഡ്രൈവിംഗ് ലൈസൻസും ഉടൻ സസ്പെൻഡ് ചെയ്യണം. അനധികൃത ശബ്ദ സംവിധാനമുള്ള വാഹനങ്ങൾ സ്കൂളിലോ കാമ്പസിലോ പ്രവേശിക്കാൻ പാടില്ല. ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനമുള്ള വാഹനങ്ങൾ വിദ്യാർത്ഥികൾ തന്നെയാണ് ആവശ്യപ്പെടുന്നത് എന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചപ്പോൾ, ഫ്ലാഷ് ലൈറ്റും ഡിജെ സംവിധാനവും എങ്ങനെ അനുവദിക്കുമെന്ന് കോടതി ചോദിച്ചു. ഇത്തരം ബസുകളിൽ വിദ്യാർത്ഥികൾ വിനോദയാത്രയ്ക്ക് പോകേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി, രക്ഷിതാക്കളുടെ കരച്ചിൽ ആരു കേൾക്കുമെന്നും ചോദിച്ചു.

വടക്കാഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ടൂറിസ്റ്റ് ബസുകൾക്ക് പൂട്ടിടാൻ ഹൈക്കോടതി ഉത്തരവിട്ടത്. വടക്കാഞ്ചേരി അപകടത്തിന്‍റെ ദൃശ്യങ്ങൾ ഡിവിഷൻ ബെഞ്ച് തുറന്ന കോടതിയിൽ പരിശോധിച്ചു. അപകടവുമായി ബന്ധപ്പെട്ട് പൊലീസും മോട്ടോർ വാഹന വകുപ്പും ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ആലത്തൂർ ഡി.വൈ.എസ്.പി നേരിട്ട് കോടതിയിൽ ഹാജരായി.

Post a Comment

0 Comments