പിൻവാതിൽ നിയമനങ്ങൾക്ക് വേണ്ടിയാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാൻസിലർമാരാക്കിയതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
അപ്പോഴെല്ലാം സർക്കാരിന്റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നു. എന്നാലിപ്പോൾ ഗവർണർ ചെയ്ത തെറ്റ് തിരുത്താൻ തയാറായി, അതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാക്കുകൾ
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ അവസ്ഥയിലാണ്. പൂർണ അനിശ്ചിതത്വമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്നത്. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടത്താൻ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാൻസിലർമാരാക്കിയത്. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സർക്കാരിന്റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നു. ഗവർണർ ചെയ്ത തെറ്റ് ഇപ്പോൾ തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നു.
യു ജി സി മാനദണ്ഡങ്ങളും നടപടിക്രമങ്ങളും കാറ്റിൽപ്പറത്തി വൈസ് ചാൻസിലർമാരെ നിയമിച്ച സർക്കാർ നടപടിക്കുള്ള തിരിച്ചടിയാണ് ഗവർണറുടെ തീരുമാനം. സാങ്കേതിക സർവകലാശാല വി സി നിയമനത്തിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗവർണർ ഈ തീരുമാനം എടുത്തതെന്നാണ് മനസിലാക്കുന്നത്. വി സി നിയമനത്തിലെ യു ജി സി മാനദണ്ഡങ്ങൾ വളരെ കൃത്യമാണ്. സെർച്ച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധരെ ഉൾപ്പെടുത്തണം, യു ജി സി പ്രതിനിധി വേണം, മൂന്ന് മുതൽ അഞ്ച് വരെ പേരുകൾ നിയമനത്തിനായി ശുപാർശ ചെയ്യണം തുടങ്ങിയവയാണ് മാനദണ്ഡങ്ങൾ. എന്നാൽ ചീഫ് സെക്രട്ടറിയെ സെർച്ച് കമ്മിറ്റി അംഗമാക്കിയാണ് പലപ്പോഴും വി സി നിയമനത്തിനുള്ള സമിതി സംസ്ഥാനം രൂപീകരിച്ചത്.
സർവകലാശാലയുമായി ബന്ധമുള്ളവരെ സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തരുതെന്ന മാനദണ്ഡം സംസ്ഥാനം പല തവണ ലംഘിച്ചു. ചട്ടവിരുദ്ധമായി ഒരാളെ മാത്രം വി സി സ്ഥാനത്തേക്ക് ശുപാർശ ചെയ്ത സംഭവങ്ങളുമുണ്ട്. ഗവർണറും സർക്കാരും ഒത്തുതീർപ്പിലായിരുന്ന കാലത്ത് നിയമ വിരുദ്ധമായ കാര്യങ്ങൾ നടന്നപ്പോൾ അത് തുറന്ന് കാട്ടിയത് പ്രതിപക്ഷമാണ്. ലക്ഷകണക്കിന് കുട്ടികളുടെ ഭാവി തുലാസിൽ ആക്കിയുള്ള കളികളാണ് ഇരുകൂട്ടരും ചേർന്ന് നടത്തിയത്. അന്ന് പ്രതിപക്ഷം പറഞ്ഞത് ഇന്ന് ഗവർണർ അംഗീകരിച്ചു. വൈകിയ വേളയിലാണെങ്കിലും ഗവർണർ തെറ്റ് തിരുത്തിയതിനെ സ്വാഗതം ചെയ്യുന്നു.
0 Comments