കൊച്ചി : നിയമലംഘനങ്ങൾക്കെതിരെ നടപടികൾ കർശനമാക്കി സംസ്ഥാനത്ത് പുതിയ ഗതാഗത സംസ്കാരം സൃഷ്ടിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ്.ശ്രീജിത്ത്.
മധ്യ മേഖലയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ വാഹനങ്ങൾക്കും നിയമം ബാധകമാണ്. കഴിഞ്ഞ ദിവസം 19 കെ.എസ്.ആർ.ടി.സി ബസുകൾക്കെതിരെ നടപടിയെടുത്തിരുന്നു. വടക്കാഞ്ചേരി അപകടത്തിന് ശേഷം മാത്രം 4,472 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഒക്ടോബർ 8 മുതൽ 12 വരെയുള്ള കാലയളവിലെ കണക്കാണിത്. ഇതുവരെ 75,7300 രൂപയാണ് പിഴയായി ഈടാക്കിയത്. 263 വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കിയിട്ടുണ്ട്. 108 ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി. നിരത്തിലിറക്കാൻ അർഹതയില്ലാത്ത 7 വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും റദ്ദാക്കിയിട്ടുണ്ട്.
“വടക്കാഞ്ചേരി അപകടത്തിൽ കെ.എസ്.ആർ.ടി.സി പെട്ടെന്ന് ബ്രേക്ക് ഇട്ടു എന്ന വസ്തുത അപ്രസക്തമാണ്. ഇതിൽ കൂടുതൽ അന്വേഷണത്തിന്‍റെ ആവശ്യമില്ല. കെ.എസ്.ആർ.ടി.സി ബസിന് രാത്രി 10 മണിക്ക് ശേഷം എവിടെയും നിർത്താം. പിറകിലുള്ള ഡ്രൈവർക്കും അതിനെക്കുറിച്ച് ബോധമുണ്ടായിരിക്കണം. കളർ കോഡ് പാലിക്കാൻ സമയം കിട്ടിയില്ലെന്ന ബസുടമകളുടെ വാദം അംഗീകരിക്കാനാവില്ല. കഴിഞ്ഞ ജൂൺ മുതലാണ് ഈ നിർദ്ദേശം നടപ്പാക്കിയത്. ചിലർ പിഴയടച്ച് ലംഘനം ആവർത്തിക്കുകയാണ്”. അദ്ദേഹം പറഞ്ഞു.
0 Comments