Latest Posts

കന്നുകാലികളെ തീറ്റാൻ പോയ ഭിന്നശേഷിക്കാരി കൂട്ടബലാത്സംഗത്തിനിരയായി

ഭിന്നശേഷിക്കാരിയായ ദളിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. കന്നുകാലികൾക്ക് തീറ്റ നൽകാൻ ഇറങ്ങിയ 20 കാരിയെ ചിലർ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ചയാണ് ഭിന്നശേഷിക്കാരിയായ യുവതി പീഡനത്തിന് ഇരയായത്. ഫാമിൽ മേയാനായി കന്നുകാലികളെ കൊണ്ടുപോയപ്പോഴാണ് കുറ്റകൃത്യം നടന്നതെന്ന് ധോരിമണ്ണ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) സുഖ്ദേവ് ബിഷ്‌നോയ് പറഞ്ഞു. മൂന്നോ നാലോ പേർ ചേർന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി വനപ്രദേശത്ത് കൂട്ടബലാത്സംഗം ചെയ്തതായി പിതാവ് നൽകിയ പരാതിയിൽ പറയുന്നു.

പെൺകുട്ടിയെ അബോധാവസ്ഥയിൽ ഉപേക്ഷിച്ച് അവർ രക്ഷപ്പെട്ടു. കുടുംബാംഗങ്ങൾ യുവതിയെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചു. ലൈംഗികാതിക്രമം സംശയിച്ച് ആശുപത്രിയിലെ ഡോക്ടർമാർ പൊലീസിനെ വിളിച്ചതായി എസ്എച്ച്ഒ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ യുവതിക്ക് കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

0 Comments

Headline