Latest Posts

ഗുജറാത്ത് തെരഞ്ഞെടുപ്പിലേക്ക് കച്ചമുറുക്കി എ.എ.പി; ഇസുധന്‍ ഗാഡ്വി മുഖ്യമന്ത്രി സ്ഥാനാർത്ഥി


അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഇസുധന്‍ ഗാഡ്വിയാണ് ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി.പാര്‍ട്ടി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

മാധ്യമ പ്രവര്‍ത്തന രംഗത്തു നിന്നാണ് ഇസുധന്‍ രാഷ്ട്രീയത്തില്‍ എത്തിയത്. പ്രമുഖ ഗുജറാത്തി ചാനലുകളില്‍ വാര്‍ത്താ അവതാരകനായും എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പൊതുജനങ്ങളില്‍നിന്നും പാര്‍ട്ടി ഭാരവാഹികളില്‍ നിന്നുമുള്ള അഭിപ്രായം തേടിയ ശേഷമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്. എസ്എംഎസ്, വാട്‌സ്ആപ്പ് തുടങ്ങിയ സംവിധാനങ്ങളിലൂടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയിക്കണമെന്ന് കേജരിവാള്‍ കഴിഞ്ഞയാഴ്ച അഭ്യര്‍ഥിച്ചിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം വരെ ലഭിച്ച അഭിപ്രായങ്ങള്‍ പരിഗണിച്ചായിരിന്നു അന്തിമ തീരുമാനം. ആം ആദ്മി സംസ്ഥാന പ്രസിഡന്റ് എല്‍. ഗോപാല്‍, ജനറല്‍ സെക്രട്ടറി മനോജ് സൊറാത്തിയ എന്നിവരെയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നു.

0 Comments

Headline