banner

ജമ്മു കശ്‌മീരില്‍ വീണ്ടും ഭീകരാക്രമണം: രണ്ട്‌ തൊഴിലാളികള്‍ക്ക് പരിക്കേറ്റു

ശ്രീനഗർ : ജമ്മു കശ്മീരിൽ സാധാരണക്കാർക്ക് നേരെ വീണ്ടും വെടിവെപ്പ്. രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു. തെക്കൻ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് വെടിവെപ്പ് നടന്നത്. രാഖി മൊമിനിലെ ആളുകൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ഭീകരർക്ക് വേണ്ടിയുളള തിരച്ചിലും പുരോഗമിക്കുന്നു.

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കശ്മീരിലെ സാധാരണക്കാർക്ക് നേരെ ഭീകരാക്രമണം നടക്കുന്നത്. നവംബർ 3 ന് അനന്ത്‌നാഗിലെ സ്വകാര്യ സ്‌കൂളിൽ ജോലി ചെയ്യുന്ന രണ്ട് പേർക്ക് നേരെ ആക്രമണം നടന്നിരുന്നു. ബീഹാർ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുളളവരാണ് ആക്രമണത്തിന് ഇരയായത്. ഒക്ടോബർ 18 ന് നടന്ന ഗ്രനേഡ് ആക്രമണത്തിൽ ഉത്തർപ്രദേശിലെ കനൗജിൽ നിന്നുള്ള രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. ഷോപിയാൻ ജില്ലയിലാണ് ഭീകരർ ആക്രമണം നടത്തിയത്.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരനെ സൈന്യം വധിച്ചിരുന്നു. കുൽഗാം-ഷോപിയാൻ മേഖലയിൽ സജീവമായിരുന്ന കമ്രാൻ ഭായ് എന്ന ജെയ്ഷെ ഭീകരനെയാണ് സൈന്യം വധിച്ചത്.

Post a Comment

0 Comments