banner

ലഹരി വിരുദ്ധ ശൃംഖല തലസ്ഥാനത്ത് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; മന്ത്രിമാർ വിവിധയിടങ്ങളിൽ കണ്ണിചേരും

തിരുവനന്തപുരം : ലഹരി വിരുദ്ധ ശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനം കേരളപ്പിറവി ദിനമായ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തലസ്ഥാനത്ത് മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രിമാരായ കെ രാജൻ, എം ബി രാജേഷ്, വി ശിവൻകുട്ടി, ഡോ. ആർ ബിന്ദു, ജി ആർ അനിൽ, ആൻറണി രാജു എന്നിവരും തലസ്ഥാന നഗരയിലെ ശൃംഖലയിൽ പങ്കാളികളാകും. ആരോഗ്യമന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് കണ്ണിചേരുന്നത്.

മന്ത്രി കെ എൻ ബാലഗോപാൽ കൊല്ലം കളക്ടറേറ്റിലും ജെ ചിഞ്ചുറാണി ചടമംഗലം കരുവോൺ സ്‌കൂളിലും ശൃംഖലയുടെ ഭാഗമാകും. മന്ത്രി കെ രാധാകൃഷ്ണൻ തൃശൂരിലും, പി രാജീവ് കൊച്ചി മറൈൻ ഡ്രൈവിലും, മുഹമ്മദ് റിയാസ് കോഴിക്കോട് കാരപ്പറമ്പിലും, വി എൻ വാസവനും എ കെ ശശീന്ദ്രനും കോട്ടയത്തും, കെ കൃഷ്ണൻകുട്ടി പാലക്കാടും, പി പ്രസാദ് ആലപ്പുഴയിലും ലഹരി വിരുദ്ധ ശൃംഖലയിൽ കണ്ണിചേരും.

പൊന്നാനി മുതൽ വഴിക്കടവ് വരെ 83 കിലോമീറ്റർ നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ ശൃംഖലയിൽ മന്ത്രി വി അബ്ദുറഹ്‌മാൻ മലപ്പുറത്ത് കണ്ണിചേരും. ഇടുക്കിയിൽ തങ്കമണി മുതൽ കാമാക്ഷി വരെയുള്ള രണ്ടര കിലോമീറ്റർ നീളമുള്ള ലഹരി വിരുദ്ധ ശൃംഖലയിൽ മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുക്കും. കാസർഗോഡ് നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്‌കൂളിലാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുക്കുന്നത്.

Post a Comment

0 Comments