banner

ലോകകപ്പ് വേദിയിൽ മദ്യമോ ബിയറോ അനുവദിക്കില്ല; ഖത്തർ നിലപാട് കടുപ്പിച്ചേക്കും

ദോഹ : ലോകകപ്പ് വേദികളില്‍ ബിയര്‍ നിരോധിക്കാന്‍ ഒരുങ്ങി ഖത്തര്‍ ഭരണകൂടം. ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാവുന്ന 8 സ്റ്റേഡിയങ്ങളിലും ബിയര്‍ വില്‍പ്പന അനുവദിക്കില്ല എന്നാണ് സൂചന. സ്റ്റേഡിയങ്ങളില്‍ നിന്ന് നോണ്‍ ആല്‍ക്കഹോളിക് ആയ പാനിയങ്ങള്‍ മാത്രമാവും ആരാധകര്‍ക്ക് ലഭിക്കുക.

പൊതുസ്ഥലത്ത് നിന്ന് മദ്യപാനം അനുവദനീയമല്ലാത്ത രാജ്യമാണ് ഖത്തര്‍. മദ്യവില്‍പ്പന സംബന്ധിച്ച് ഖത്തര്‍ ഭരണകൂടവും ഫിഫയും തമ്മില്‍ ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. തുടർന്ന് സ്‌റ്റേഡിയങ്ങളില്‍ ആല്‍ക്കഹോളിക് ബിയര്‍ അനുവദിക്കും എന്നായിരുന്നു നേരത്തെ ഖത്തർ നിലപാടെടുത്തത്.

സ്റ്റേഡിയങ്ങളില്‍ ബിയര്‍ വില്‍പ്പനയും അനുവദിക്കില്ല എന്ന ഖത്തറിന്റെ തീരുമാനം ഫിഫയ്ക്കും തിരിച്ചടിയാണ്. കോടിക്കണക്കിന് രൂപയുടെ പരസ്യ കരാറാണ് അമേരിക്കന്‍ ബിയര്‍ കമ്പനിയായ ബഡ് വൈസറുമായി ഫിഫയ്ക്കുള്ളത്. ഓരോ ലോകകപ്പിലും ബിയര്‍ വില്‍പ്പനയ്ക്കുള്ള അവകാശം സ്വന്തമാക്കി പോന്നിരുന്നത് ബഡ് വൈസറാണ്. 1986 മുതലാണ് ബഡ് വൈസറും ഫിഫയും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്.

ലോകകപ്പിന് രണ്ട് ദിവസം മാത്രം മുന്‍പിലുള്ളപ്പോഴാണ് സ്റ്റേഡിയങ്ങളില്‍ ബിയര്‍ നിരോധിക്കുന്നതായുള്ള തീരുമാനം വരുന്നത്. ലോകകപ്പിന്റെ ആതിഥേയത്വത്തിനായി ശ്രമം തുടങ്ങിയപ്പോള്‍ തന്നെ ഖത്തര്‍ ഫിഫയുടെ കൊമേഴ്ഷ്യല്‍ പങ്കാളികളുമായി സഹകരിക്കാം എന്ന് സമ്മതിച്ചിരുന്നു. 2010ല്‍ ആതിഥേയത്വം ഉറപ്പിച്ചതിന് ശേഷവും ഖത്തര്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. 2010ല്‍ ബ്രസീല്‍ ലോകകപ്പിന് വേദിയായപ്പോള്‍ മദ്യവില്‍പ്പന അനുവദിക്കാനായി ബ്രസീല്‍ നിയമത്തില്‍ മാറ്റം വരുത്തി.

Post a Comment

0 Comments