banner

'ബോഡി ഷെയ്മിങ് ഏറ്റവും ഹീനമായ ഒന്നാണ്'; വയറ് കുറയ്ക്കണമെന്ന് കമന്‍റിട്ടയാൾക്ക് മന്ത്രി ശിവൻകുട്ടിയുടെ മറുപടി

വയറ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിൽ കമന്‍റിട്ടയാൾക്ക് ചുട്ടമറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ബോഡി ഷെയ്മിങ് ഏറ്റവും ഹീനമായ ഒന്നായാണ് ഇക്കാലത്ത് കാണുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി. എല്ലാവരുടേതുമാണ് ഈ ലോകം. ശരീരത്തിന്‍റെയോ മറ്റെന്തിന്‍റെയെങ്കിലുമോ പേരിൽ ആരെയും കളിയാക്കരുതെന്നും മന്ത്രി കുറിച്ചു.

കാറിൽ ഇരുന്ന് വിദ്യാർഥികൾക്കുവേണ്ടി സെൽഫിക്ക് പോസ്റ്റ് ചെയ്യുന്ന പുതിയ ചിത്രം ഫേസ്ബുക്കിൽ മന്ത്രി ശിവൻകുട്ടി പ്രൊഫൈൽ ഫോട്ടോയാക്കിയിരുന്നു. ഈ ഫോട്ടോയുടെ അടിയിലാണ് ഒരു ഫേസ്ബുക്ക് ഉപയോക്താവ്, 'സഖാവെ, വയറ് സ്വൽപം കുറയ്ക്കണം' എന്ന് കമന്‍റിട്ടത്. പിന്നാലെ മന്ത്രിയുടെ കുറിക്കുകൊള്ളുന്ന മറുപടിയെത്തി.

ഇതോടെ ആദ്യം കമന്‍റിട്ടയാൾ മലക്കംമറിഞ്ഞു. മന്ത്രിക്ക് മറുപടിയായി ഫേസ്ബുക്ക് ഉപയോക്താവ് ഇങ്ങനെ കുറിച്ചു, "വയറു കുറക്കണം എന്നത് ബേഡി ഷെയിമിംഗായി തോന്നിയെങ്കിൽ ക്ഷമിക്കുക. ഡയബറ്റിക്കായവർ ആരോഗ്യം തീർച്ചയായും ശ്രദ്ധിക്കണം. വ്യായാമം മുടക്കരുത്. ശരീരഭാരം നിയന്ത്രിച്ചേ മതിയാകൂ. താങ്കൾ ആരോഗ്യ കാര്യത്തിൽ ഈയിടെയായി പഴയ ശ്രദ്ധ കാണിക്കാത്തി നാലാണ് ഇങ്ങിനെ കമന്റ് ചെയ്യേണ്ടി വന്നത്. താങ്കളുടെ മണ്ഡലത്തിലെ ഒരാളെന്ന നിലയിൽ അതെന്റെ കടമ കൂടിയാണ്".

മുമ്പ് ചില ചലച്ചിത്ര താരങ്ങളും മറ്റ് സെലിബ്രിറ്റികളും സമൂഹമാധ്യമങ്ങളിലൂടെ ബോഡി ഷെയ്മിങ്ങിനെതിരെ രംഗത്തെത്തിയിരുന്നു. നടി നിത്യ മേനോൻ ഉൾപ്പടെയുള്ളവർ ഇതിനെതിരെ നിലകൊണ്ടവരാണ്. കഴിഞ്ഞ ദിവസം കാന്താര എന്ന കന്നഡ സിനിമയിലെ ബോഡി ഷെയ്മിങ് ചൂണ്ടിക്കാട്ടി നടി മഞ്ജു പത്രോസും രംഗത്തെത്തിയിരുന്നു.

إرسال تعليق

0 تعليقات