banner

പുഴയുടെ സ്വഭാവികാവസ്ഥയ്ക്ക് തടസ്സങ്ങളില്ല, കട്ടൗട്ടുകള്‍ മാറ്റരുതെന്നാണ് ജനങ്ങളുടെ ആവശ്യം, ജനവികാരം മാനിക്കുന്നതായി ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ്

കോഴിക്കോട് : ലോകകപ്പ് അടുത്തിരിക്കെ ഫുട്‌ബോള്‍ ആരാധകര്‍ പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസിയുടേയും നെയ്മറുടേയും കട്ടൗട്ട് സ്വാഭാവിക നീരൊഴുക്കിനെ ബാധിക്കുന്ന രീതിയിലല്ലെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗഫൂര്‍ അറിയിച്ചു.

ഒരു തിട്ടയുടെ മുകളിലാണ് കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നതെന്നും ഈ കട്ടൗട്ട് മാറ്റണം എന്ന് പഞ്ചായത്ത് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ഗഫൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. പഞ്ചായത്ത് ഈ കട്ടൗട്ടുകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെന്നും ഇതോടെ പ്രദേശത്ത് വലിയ ജനവികാരമാണ് നിലനില്‍ക്കുന്നതെന്നും പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു.

ജനങ്ങളെല്ലാം ഈ കട്ടൗട്ടുകള്‍ മാറ്റരുതെന്നാണ് ആവശ്യപ്പെടുന്നതെന്നും ജനങ്ങളെ കേള്‍ക്കാതിരിക്കാനാവില്ലെന്നും തങ്ങള്‍ ജനപക്ഷത്താണെന്നും പ്രസിഡന്റ് അറിയിച്ചു. പുഴയില്‍ ഫുട്‌ബോള്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ സ്ഥാപിച്ച സംഭവത്തില്‍
അഡ്വ. ശ്രീജിത്ത് പെരുമന ഓണ്‍ലൈനായി നല്‍കിയ പരാതിയില്‍ പഞ്ചായത്ത് അന്വേഷണം നടത്തിയിരുന്നുവെന്നും നാളെ രേഖകള്‍ പരിശോധിക്കുമെന്നും ഗഫൂര്‍ അറിയിച്ചു.

കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക നീരൊഴുക്കിനെ തടയുമെന്ന് ചൂണ്ടികാണിച്ചാണ് ശ്രീജിത്ത് പെരുമന പഞ്ചായത്തിന് പരാതി നല്‍കിയത്. അതേസമയം കട്ടൗട്ടുമായി ബന്ധപ്പെട്ട ഒരു പരാതിയും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ലെന്നും അത് മാറ്റേണ്ടതില്ലെന്നും നഗരസഭാ ചെയര്‍മാന്‍ അബ്ദു വെള്ളറ പറഞ്ഞു.

Post a Comment

0 Comments