Latest Posts

ഫുഡ്ബോൾ ആവേശത്തിൽ നാട്: ലയണൽ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ച് അർജൻ്റീന ഫാൻസ് അഷ്ടമുടി

ഖത്തറിൽ ലോകകപ്പിന് തുടക്കം കുറിക്കുവാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ലോകകപ്പ് എത്തിയാൽ കേരളത്തിലെ ഫുഡ്ബോൾ പ്രേമികൾക്ക് ഉത്സവാലോഷമാണ്. എല്ലാ മുക്കിലും മൂലയിലും തങ്ങളുടെ ഇഷ്ട ടീമുകളുടെ ഫ്ലക്സ് ബോർഡുകൾ വെച്ച് യുദ്ധങ്ങൾക്ക് തുടക്കം കുറിക്കുക എന്നതാണ് ആദ്യ പടി. ഇന്നിതാ പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി കൊല്ലം അഞ്ചാലുംമൂട് അഷ്ടമുടിയിൽ അർജൻ്റീന ആരാധകർ ഫുഡ്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ചത് നാടിനും നാട്ടുകാർക്കും ഉത്സക്കാഴ്ചയായി.

കാതടപ്പിക്കുന്ന തമ്പോലം താളത്തിൽ ആരാധകരുടെ ജാഥയ്ക്കൊപ്പമായിരുന്നു കാല്പത്തിൻ്റെ ഇതിഹാസ താരത്തിൻ്റെ വരവ്. വടക്കേക്കരയിൽ നിന്നും ആരംഭിച്ച ജാഥ ശ്രീവീരഭദ്രസ്വാമി ക്ഷേത്ര മൈതാനിയിലും തുടർന്ന് തിരികെ അഷ്ടമുടി സ്കൂളിന് സമീപം എത്തിച്ച് അവസാനിപ്പിച്ചു. കടന്നു പോയ വഴിയരികിലെല്ലാം നാടിൻ്റെ ഒരുമയെ ഉയർത്തിക്കാട്ടും വിധം വീടിന് പുറത്തേക്ക് ജനങ്ങൾ ഇറങ്ങിയെത്തിയതും ഫാനിസം മറന്ന് യുവാക്കൾ ഒരുമിച്ചതും ആരെയും അതിശയിപ്പിക്കുന്ന കാഴ്ചയായി മാറി.

ഏകദേശം ഇരുപതടിയാണ് കട്ടൗട്ടിൻ്റെ നീളം. കൂടാതെ ടീമിലെ കോച്ചുൾപ്പെടെ പന്ത്രണ്ടോളം പേരുടെ ചെറിയ ഫ്ലക്സ് ബോർട്ടുകളും റോഡ് നീളെ അർജൻ്റീന ഫാൻസ് അഷ്ടമുടി ഒരുക്കിയിട്ടുണ്ട്. വൈകാതെ നെയ്മറിൻ്റെയും റോണാർഡോയുടെയും കട്ടൗട്ടുകൾ ഉയരുമെന്നും ആരാധകർ അറിയിച്ചു. അതേസമയം ഈ മാസം 20ന് ആണ് ലോകകപ്പിന് തുടക്കം കുറിക്കുന്നത്. ഖത്തർ ഇക്വഡോറിനെ നേരിടുന്നതോടെ നാലു വർഷത്തിലൊരിക്കൽ വരുന്ന ഫുട്ബോൾ വസന്തത്തിന് തുടക്കമാകും. ഏറെ ആകാംക്ഷയോടെയാണ് എല്ലാവരും ഇത്തവണത്തെ വേൾഡ് കപ്പിനെ നോക്കിക്കാണുന്നത്.

0 Comments

Headline