banner

ഫിഫയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : കോഴിക്കോട് പുള്ളാവൂരിലെ ഫുട്‌ബോള്‍ സൂപ്പര്‍ താരങ്ങളുടെ കട്ട് ഔട്ട് ചിത്രം ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെച്ച ഫിഫയോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളവും മലയാളികളും എക്കാലവും ഫുട്‌ബോളിനെ സ്‌നേഹിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഖത്തര്‍ ലോകകപ്പ് അടുത്തുവരവെ കേരളത്തിലെമ്പാടും അത് കാണാനാകും. കാല്‍പന്ത് കളിയോടുള്ള തങ്ങളുടെ സമാനതകളില്ലാത്ത വികാരം അംഗീകരിച്ചതിന് നന്ദിയെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു ( thankyou for acknowledging our passion cm pinarayi reacts to fifa cut out tweet ).

'ഫിഫ ലോകകപ്പ് ജ്വരം ഇന്ത്യയിലെ കേരളത്തില്‍ പടര്‍ന്നിരിക്കുന്നു' എന്ന തലവാചകത്തോടെയാണ് ഫിഫ പുള്ളാവൂര്‍ പുഴയിലെ ചിത്രം പങ്കുവെച്ചത്. ടൂര്‍ണമെന്റിന് മുന്‍പ് നെയ്മറുടേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും ലയണല്‍ മെസ്സിയുടേയും ഭീമന്‍ കട്ടൗട്ടുകള്‍ ഉള്‍നാടന്‍ ഗ്രാമത്തില്‍ ഉയര്‍ന്നിരിക്കുന്നതായും ഫിഫ ചൂണ്ടിക്കാട്ടി. കട്ട് ഔട്ടുകള്‍ കീഴെ പുഴയില്‍ ഇറങ്ങി നിന്ന് അര്‍ജന്റീന, പോര്‍ച്ചുഗല്‍, ബ്രസീല്‍ ആരാധകര്‍ അതാത് രാജ്യങ്ങളുടെ പതാക വീശുന്നതും ഫിഫ ട്വീറ്റ് ചെയ്ത ചിത്രത്തിലുണ്ട്.

പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച 30 അടി പൊക്കമുള്ള മെസ്സിയുടെ കട്ടൗട്ട് അന്താരാഷ്ട്ര കായിക മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. കേരളത്തിലെ ഫുട്‌ബോള്‍ പ്രേമത്തിന്റെ തീവ്രത ചൂണ്ടിക്കാണിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. അര്‍ജന്റീന ആരാധകര്‍ പുഴയുടെ നടുവിലെ തുരുത്തില്‍ കട്ടൗട്ട് വെച്ചതിന് പിന്നാലെ ബ്രസീല്‍ ആരാധകരെത്തി അതിലും വലുപ്പമുള്ള കട്ടൗട്ട് പുഴക്കരയില്‍ വെച്ചു. 40 അടി വലുപ്പമുള്ള നെയ്മര്‍ ഫ്‌ലക്‌സ് വന്നതോടെ പുള്ളാവൂരിലെ ഫുട്‌ബോള്‍ ഫാന്‍ ഫൈറ്റിന് കൗതുകമേറി. കഴിഞ്ഞ ദിവസം പോര്‍ച്ചുഗല്‍ ആരാധകര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ 50 അടി ഉയരമുള്ള കട്ട് ഔട്ട് കൂടി സ്ഥാപിച്ചു. മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖര്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് പ്രതികരിച്ചിരുന്നു.

Post a Comment

0 Comments