കൊല്ലം : കൊല്ലം റൂറല്‍ ജില്ല പോലീസ് ആസ്ഥാനത്തിനായി നിര്‍മ്മിച്ച പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച നിര്‍വ്വഹിക്കും. കൊട്ടാരക്കര ഇടിസി ജംഗ്ഷനു സമീപം നിര്‍മ്മിച്ച പുതിയ കെട്ടിടത്തില്‍ നടക്കുന്ന ചടങ്ങില്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യാതിഥി ആയിരിക്കും. ക്ഷീരവികസനം, മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യപ്രഭാഷണം നടത്തും.
എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ. പ്രേമചന്ദ്രന്‍, എംഎല്‍എമാരായ കെ.ബി. ഗണേഷ് കുമാര്‍, പി.സി. വിഷ്ണുനാഥ്, പി.എസ്. സുപാല്‍, കോവൂര്‍ കുഞ്ഞുമോന്‍, ജി.എസ്. ജയലാല്‍ എന്നിവര്‍ ആശംസകള്‍ നേരും. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, എഡിജിപിമാരായ കെ. പത്മകുമാര്‍, എം.ആര്‍. അജിത്ത് കുമാര്‍, ഐജി പി. പ്രകാശ്, ഡിഐജി ആര്‍. നിശാന്തിനി, കൊല്ലം റൂറല്‍ ജില്ല പോലീസ് മേധാവി കെ.ബി. രവി, കൊട്ടാരക്കര മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ. ഷാജു, വൈസ് ചെയര്‍പേഴ്‌സണ്‍ അനിത ഗോപകുമാര്‍, മുന്‍ എംഎല്‍എ ഐഷാപോറ്റി എന്നിവര്‍ പങ്കെടുക്കും.
നാലുനിലകളിലായി നിര്‍മ്മിച്ച കെട്ടിടത്തില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 15,000ല്‍പ്പരം ചതുരശ്രഅടി വിസ്തീര്‍ണമുള്ള കെട്ടിടം ആറേ മുക്കാല്‍ കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിട്ടുള്ളത്.
പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ഏതാനും കെട്ടിടങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും മുഖ്യമന്ത്രി ഇതോടൊപ്പം ഓണ്‍ലൈനായി നിര്‍വ്വഹിക്കും. കൊല്ലം ജില്ലയിലെ അച്ചന്‍കോവില്‍, വയനാട് ജില്ലയിലെ പനമരം എന്നീ പോലീസ് സ്റ്റേഷനുകള്‍ക്കായി പുതുതായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍, ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, ആലപ്പുഴ സൗത്ത്, തൃക്കുന്നപ്പുഴ, എറണാകുളം റൂറല്‍ ജില്ലയിലെ നോര്‍ത്ത് പറവൂര്‍, ചെങ്ങമനാട്, മുളന്തുരുത്തി, ഊന്നുകല്‍ എന്നീ പോലീസ് സ്റ്റേഷനുകളിലെ ശിശുസൗഹൃദഇടങ്ങള്‍ എന്നിവയാണ് കൊട്ടാരക്കരയിലെ ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നത്. ആലപ്പുഴയിലെയും വയനാട്ടേയും പോലീസ് കണ്‍ട്രോള്‍ റൂം, കോട്ടയത്തെ റിപ്പീറ്റര്‍ സ്റ്റേഷന്‍, പള്ളിക്കത്തോട് സ്റ്റേഷനിലെ അനുബന്ധസൗകര്യങ്ങള്‍ എന്നിവയും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം ജില്ലയിലെ ചങ്ങനാശേരി സബ്ബ് ഡിവിഷന്‍, കാസര്‍ഗോഡ് ജില്ലയിലെ ബേക്കല്‍ സബ് ഡിവിഷന്‍, മേല്‍പ്പറമ്പ, സൈബര്‍ ക്രൈം, വനിത പോലീസ് സ്റ്റേഷനുകള്‍, തൃശൂര്‍ സിറ്റി ഈസ്റ്റ് പോലീസ് സ്റ്റേഷന്‍, കണ്ണൂരിലെ കണ്ണവം പോലീസ് സ്റ്റേഷന്‍, കൊല്ലം റൂറലിലെ കൊട്ടാരക്കര പോലീസ് സ്റ്റേഷന്‍, വനിതാസെല്‍ എന്നിവയുടെ ശിലാസ്ഥാപനവും ഇതോടൊപ്പം നടക്കും.
0 Comments