banner

കത്ത്, നിയമന വിവാദങ്ങളിൽ സി.പി.എമ്മിന് തികഞ്ഞ അതൃപ്തി

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ ‘കത്ത്’ വിവാദത്തിലും സർവകലാശാല നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അതൃപ്തി പ്രകടിപ്പിച്ച് സി പി എം സംസ്ഥാന നേതൃത്വം. കത്ത് വിവാദവും സര്‍വകലാശാല നിയമനങ്ങളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. നിയമന വിവാദങ്ങള്‍ തിരിച്ചടിയായെന്നാണ് യോഗത്തിന്‍റെ വിലയിരുത്തല്‍. നിയമനങ്ങള്‍ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് സി പി എം.

തിരുവനന്തപുരം മേയറുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ സംസ്ഥാന നേതൃത്വത്തില്‍ വലിയ അതൃപ്തിയാണുള്ളത്. നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഗൗരവമായി പരിശോധിക്കണമെന്ന് സെക്രട്ടേറിയേറ്റിൽ അഭിപ്രായമുയർന്നു. നിയമനങ്ങൾ പാർട്ടി പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഉടനടി വേണ്ടെന്നാണ് ധാരണ. വിവാദങ്ങള്‍ തണുത്ത ശേഷമാകും പാര്‍ട്ടി ഇക്കാര്യത്തിൽ പരിശോധന നടത്തുക.

വിവാദങ്ങള്‍ക്കിടയാക്കിയ സാഹചര്യങ്ങള്‍ അടക്കം സി പി എം വിശദമായി പരിശോധിക്കും. ഭാവിയില്‍ ഇത്തരം വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും സി പി എം സെക്രട്ടേറിയേറ്റിൽ അഭിപ്രായമുയർന്നിട്ടുണ്ട്.

Post a Comment

0 Comments