banner

പുനലൂരില്‍ ഭിന്നശേഷിസൗഹൃദഗ്രാമം; പ്രാഥമിക നടപടികള്‍ ഉടനെന്ന് മന്ത്രി ആര്‍. ബിന്ദു

കൊല്ലം : പുനലൂരില്‍ ഭിന്നശേഷിസൗഹൃദഗ്രാമം ഒരുക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു. പുനലൂര്‍ പൊതുമരാമത്ത് വിശ്രമകേന്ദ്രത്തില്‍ ഭിന്നശേഷി സൗഹൃദഗ്രാമത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

ഭിന്നശേഷിസൗഹൃദഗ്രാമം സജ്ജീകരിക്കുന്നതിനായി കണ്ടെത്തിയ പുനലൂരിലെ വാളക്കോടുള്ള 1.62 ഏക്കര്‍ റവന്യൂ ഭൂമി സാമൂഹ്യനീതി വകുപ്പിന് കൈമാറുന്നതിനനുസരിച്ച് നടപടികള്‍ വേഗത്തിലാക്കും. ഭൂമി ലഭ്യമാകുന്നതോടെ സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാനാകും. മാനസിക-ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പുനരധിവാസമാണ് ലക്ഷ്യം. തെറപ്പിസൗകര്യങ്ങള്‍ ഉള്‍പ്പെടെ ഉറപ്പാക്കിയാണ് ഭിന്നശേഷിസൗഹൃദഗ്രാമം ഒരുക്കുന്നത്. മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ വിദ്യാഭ്യാസം-തൊഴില്‍ പരിശീലനം എന്നിവയിലൂടെ ശാക്തീകരിക്കും. ഇവരുടെ അമ്മമാര്‍ക്കും തൊഴില്‍പരിശീലനം നല്‍കി കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തും. സംസ്ഥാനത്തൊട്ടാകെ അഞ്ച് ഭിന്നശേഷി സൗഹൃദഗ്രാമങ്ങളാണ് ഒരുക്കുകയെന്നും മന്ത്രി പറഞ്ഞു.

പി. എസ് സുപാല്‍ എം. എല്‍. എ, പുനലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം, വൈസ് ചെയര്‍മാന്‍ വി. പി. ഉണ്ണികൃഷ്ണന്‍, പുനലൂര്‍ ആര്‍. ഡി. ഒ ബി. ശശികുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ജി. നിര്‍മല്‍കുമാര്‍, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments