banner

സര്‍ക്കാര്‍ ശുപാര്‍ശ ഗവർണർ തള്ളി; ഡോ. സിസ തോമസ് സാങ്കേതിക സര്‍വകലാശാലാ വി.സി

തിരുവനന്തപുരം : സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതല ഡോ. സിസ തോമസിന് നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ ശുപാര്‍ശ തള്ളിയാണ് ചാൻസലർ കൂടിയായ ഗവര്‍ണറുടെ നടപടി.

നിലവിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറാണ് ഡോ.സിസ. തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നിന്ന് ബിടെക്, എംടെക് എന്നിവ പൂര്‍ത്തിയാക്കിയ സിസ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍നിന്ന് പിഎച്ച്ഡിയും നേടിയിട്ടുണ്ട്.

ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കെടിയു വിസിയുടെ താല്‍ക്കാലിക ചുമതല നല്‍കാനായിരുന്നു സര്‍ക്കാര്‍ ശിപാര്‍ശ. സാങ്കേതിക സര്‍വകലാശാലയുടെ പുതിയ വിസിയെ തെരഞ്ഞെടുക്കാന്‍ ഗവര്‍ണര്‍ സേര്‍ച് കമ്മിറ്റി രൂപീകരിക്കണം. അതുവരെയാണ് താല്‍ക്കാലിക നിയമനം.

മറ്റു വിസിമാര്‍ക്കോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കോ ആണ് സര്‍ക്കാരിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ താല്‍ക്കാലിക നിയമനം നല്‍കേണ്ടത്. എന്നാല്‍ ഈ കീഴ്വഴക്കം തെറ്റിച്ചാണ് രാജ്ഭവന്റെ ഉത്തരവ്. വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ. രാജശ്രീയെ യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി പുറത്താക്കിയിരുന്നു.

Post a Comment

0 Comments