ഇക്വഡോറിനെ ഭാഗ്യം തുണച്ചില്ല
ആദ്യ പകുതിയില്‍ കണക്കുകളിലെ മുന്‍തൂക്കം ഇക്വഡോറിനായിരുന്നു. 51 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ഇക്വഡോര്‍ ഒന്നിനെതിരേ നാല് ഗോളും നേടി. എന്നാല്‍ ഭാഗ്യം ഇക്വഡോറിനെ തുണച്ചില്ല. 11ാം മിനുട്ടില്‍ പ്രെസിയാഡോ ക്രോസ് ചെയ്ത് നല്‍കിയ പന്ത് പിയെറോ ഹിന്‍കാപി ഹെഡ് ചെയ്ത് എന്നെര്‍ വലന്‍സിയക്ക് നല്‍കി. വലന്‍സിയയുടെ ഹാഫ് വോളി നഥാന്‍ ആകെ ഹെഡ് ചെയ്ത് അകറ്റി. 24, 28 മിനുട്ടുകളിലെ ഇക്വഡോര്‍ മുന്നേറ്റവും ലക്ഷ്യത്തിലേക്കെത്തും മുന്നെ ഡെച്ച് പ്രതിരോധം തകര്‍ത്തു. 32ാം മിനുട്ടില്‍ നെതര്‍ലന്‍ഡ്‌സ് ഞെട്ടി. എന്നെര്‍ വലന്‍സിയയുടെ തകര്‍പ്പന്‍ ഷോട്ട് ഗോളെന്നുറപ്പിച്ചിരുന്നെങ്കിലും ഹോളണ്ട് ഗോള്‍കീപ്പര്‍ ആന്‍ഡ്രിസ് നൊപ്പോര്‍ട്ട് തകര്‍പ്പന്‍ സേവിലൂടെ രക്ഷകനായി.
ആറാം മിനുട്ടില്‍ വലകുലുക്കി ഡച്ച് നിര
മത്സരത്തിന്റെ ഗതി മനസിലാക്കാന്‍ ഇക്വഡോറിന് അവസരം നല്‍കുന്നതിന് മുമ്പെ ഹോളണ്ട് അക്കൗണ്ട് തുറന്നു. ആറാം മിനുട്ടില്‍ കോഡി ഗാക്‌പോയാണ് ലക്ഷ്യം കണ്ടത്. ഡേവി ക്ലാസന്‍ നല്‍കിയ പാസില്‍ തകര്‍പ്പന്‍ ഇടം കാല്‍ ഷോട്ടോടെ ഗാക്‌പോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇതിന് ശേഷം ഹോളണ്ടിന്റെ പ്രധാന പണി പ്രതിരോധമായിരുന്നു. ആദ്യ പകുതിയില്‍ ആക്രമണത്തില്‍ ഒരുപടി മുന്നില്‍ ഇക്വഡോറായിരുന്നു. ആദ്യ പകുതിയുടെ അധികസമയത്ത് ഇക്വഡോറിന് ലഭിച്ച കോര്‍ണര്‍കിക്കിലൂടെ പെര്‍വിസ് എസ്തൂപ് വലകുലുക്കിയെങ്കിലും വാര്‍ പരിശോധനയിലൂടെ ഗോള്‍ നിഷേധിക്കപ്പെട്ടു. ജാക്ക്‌സണ്‍ പൊറോസോ ഓഫ്‌സൈഡായതാണ് ഗോള്‍ നിഷേധിക്കപ്പെടാനുള്ള കാരണം.
ഹോളണ്ട് ഗോളിയുടെ പിഴവില്‍ ഇക്വഡോര്‍ ഒപ്പം
49ാം മിനുട്ടില്‍ ഇക്വഡോര്‍ ഡച്ച് നിരയെ ഞെട്ടിച്ച് സമനില നേടി. ഡച്ച് നിരയുടെ പ്രതിരോധപ്പിഴവിലൂടെ ലഭിച്ച പന്തുമായി മുന്നേറിയ എസ്റ്റുപിയന്റെ ഷോട്ട് ഗോള്‍കീപ്പര്‍ നൊപ്പേര്‍ട്ട് തട്ടിയകറ്റിയെങ്കിലും റീബൗണ്ട് ചെയ്ത് വന്ന പന്ത് പിന്നാലെയെത്തിയ എന്നെര്‍ വലന്‍സിയ വലിയിലേക്ക് തട്ടിയിട്ടു. ആദ്യ പകുതിയിലെ അധ്വാനത്തിന്റെ ഫലം രണ്ടാം പകുതിയുടെ തുടക്കം തന്നെ ഇക്വഡോറിന് ലഭിച്ചു. 58ാം മിനുട്ടില്‍ റീബൗണ്ട് ചെയ്‌തെത്തിയ പന്തിനെ ഇക്വഡോറിന്റെ ഗോണ്‍സാലോ പ്ലാറ്റ പോസ്റ്റിലേക്ക് തൊടുത്തെങ്കിലും ക്രോസ്ബാറില്‍ തട്ടി പുറത്തുപോയി.
ആക്രമണം വിടാതെ ഇക്വഡോര്‍
രണ്ടാം പകുതിയിലും ആക്രമണം വിടാതെയാണ് ഇക്വഡോര്‍ കളിച്ചത്. ഒന്നിനെതിരേ 9 തവണയാണ് ഹോളണ്ട് ഗോള്‍മുഖത്തേക്ക് ഇക്വഡോര്‍ പന്തെത്തിച്ചത്. എന്നാല്‍ ഇതൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇതിനെ നിര്‍ഭാഗ്യമെന്ന് മാത്രമെ വിശേഷിപ്പിക്കാനാവു. പന്തടക്കത്തില്‍ ഡെച്ച് നിര മുന്നിട്ട് നിന്നപ്പോഴും വിറപ്പിക്കുന്ന ഫുട്‌ബോള്‍ കാഴ്ചവെച്ച് കൈയടി നേടാന്‍ ഇക്വഡോറിനായി.
റെക്കോഡിട്ട് വലന്‍സിയ
ലോകകപ്പില്‍ ഒരു ലാറ്റിനമേരിക്കന്‍ രാജ്യത്തിനായി തുടര്‍ച്ചയായി ആറ് ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡ് ഇക്വഡോറിന്റെ വലന്‍സിയക്ക് സ്വന്തം. 2014ലെ ലോകകപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേയും ഹോണ്ടുറാസിനെതിരേയും വലകുലുക്കിയ വലന്‍സിയ ഈ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഖത്തറിനെതിരേ ഇരട്ട ഗോളുകളും നേടിയിരുന്നു. ലോകകപ്പില്‍ ഒരു രാജ്യത്തിനായി തുടര്‍ച്ചയായി ആറ് ഗോള്‍ നേടുന്ന നാലാമത്തെ താരമാണ് വലന്‍സിയ. യുസേബിയോ, പൗളോ റോസ്സി, ഒലെഗ് സലെങ്കോ എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയത്.
0 Comments