banner

കൊല്ലത്തെ ജയൻ സ്മാരകത്തിലെത്തി ആരാധകർ; അനുസ്മരണ യോഗം സംഘടിപ്പിച്ചു


സുനിൽ നീരാവിൽ

കൊല്ലം : മലയാള സിനിമയിലെ അനശ്വര നടൻ ജയന്റെ വേര്‍പാടിന് ഇന്ന് 42 വര്‍ഷം തികയുന്ന വേളയിൽ കൊല്ലം തേവള്ളിയിലെ ജയൻ സ്മാരകത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ജയൻ ആർട്ട്സ് ആൻ്റ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിലാണ് ജയൻ്റെ 42 ആം ചരമവാർഷികത്തിൽ വിപുലമായ അനുസ്മരണ യോഗം സംഘടിപ്പിച്ചത്. വേദിയിൽ അന്തരിച്ച ജയൻ്റെ ആരാധകനും ശില്പിയുമായ ആർട്ടിസ്റ്റ് സൈഗാളിനെ ക്ലബ് ഭാരവാഹികൾ പൊന്നാടയണിയിച്ച് ആദരിച്ചു.

ജെ.കെ ഫൈനാൻസിയേഴ്സ് ഉടമ ജയകുമാർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. തേവള്ളിയിലെ ജയൻ സ്മാരകത്തിൽ സ്ഥാപിച്ച ജയൻ്റെ പ്രതിമയുടെ പുനരുദ്ധാരണവും പുഷ്പാർച്ചനയും നടത്തി. യോഗത്തിന് ശേഷം എല്ലാവരും ക്ലബ് ഏർപ്പെടുത്തിയ സമൂഹസദ്യയിലും പങ്കാളികളായി.

1980 നവംബര്‍ 16നായിരുന്നു മലയാളികൾക്ക് തീരാനഷ്ടമായ ജയൻ്റെ വിയോഗ വാർത്ത പുറത്തു വരുന്നത് പി.എന്‍. സുന്ദരം സംവിധാനം ചെയ്ത കോളിളക്കം എന്ന സിനിമയിലെ ആക്ഷൻ രംഗങ്ങളിലൊന്ന് ചിത്രീകരിക്കുന്നതിനിടെ ചെന്നൈയിൽ ജയൻ മരിച്ചു എന്നതായിരുന്നു വാർത്ത. ഹെലികോപ്ടർ അപകടമാണെന്നത് പിന്നാലെ വന്ന വാർത്തകളാണ് സ്ഥിരീകരിച്ചത്. ഹെലികോപ്ടറിൽ പിടിച്ചുതൂങ്ങിയുള്ള അതിസാഹസികമായ സംഘട്ടനരംഗം പകരക്കാരനെ വെച്ച് ചെയ്യാമെന്ന് നിർദ്ദേശിച്ചെങ്കിലും അദ്ദേഹം സ്വന്തമായി ചെയ്തു കൊള്ളാമെന്ന് അറിയിക്കുകയായിരുന്നു.

Post a Comment

0 Comments