banner

കർഷകന് സബ്സിഡി നൽകിയില്ല: ബാങ്കിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

ക്ഷീരവികസന പദ്ധതി പ്രകാരം അനുവദിച്ച 3 ലക്ഷം രൂപയുടെ വായ്പക്ക് സബ്സിഡി നൽകിയില്ലെന്ന കർഷകന്റെ പരാതിയിൽ കാർഷിക ഗ്രാമവികസന ബാങ്കിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി മനുഷ്യാവകാശ കമ്മീഷൻ. ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ കുറിച്ച് അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി സംസ്ഥാന സഹകരണ വകുപ്പ് രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. നബാർഡ് സമർപ്പിച്ച വിശദീകരണം സ്വീകരിച്ചു കൊണ്ടാണ് ഉത്തരവ്. കൊട്ടാരക്കര പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കിനെതിരെ നെടുമൺകാവ് കുടിക്കോട് സ്വദേശി സൂര്യകാന്തൻ സമർപ്പിച്ച പരാതിയിലാണ് നടപടി. ബാങ്ക് നടപ്പിലാക്കിയ ഡയറി സ്കീമിൽ 3 ലക്ഷം രൂപ പരാതിക്കാരന് അനുവദിച്ചിരുന്നതായി ബാങ്കിന്റെ കൃഷി ഓഫീസർ കമ്മീഷനെ അറിയിച്ചു. എന്നാൽ നബാർഡ് സമർപ്പിച്ച റിപ്പോർട്ടിൽ ബാങ്കിന്റെ വാദഗതികൾ ശരിയല്ലെന്ന് പറയുന്നു. വായ്പ അനുവദിച്ച് രണ്ടു മാസത്തിനുള്ളിൽ ബാങ്ക് നബാർഡ് റീജിയണൽ ഓഫീസിൽ സബ്സിഡി തുകയ്ക്കായി അപേക്ഷ നൽകണമായിരുന്നു. എന്നാൽ പരാതിക്കാരന് സബ്സിഡി അനുവദിക്കാൻ ബാങ്ക് അപേക്ഷ നൽകിയിട്ടില്ല. ഇതു സംബന്ധിച്ച് നിലവിലുള്ള രേഖകളും നബാർഡ് സമർപ്പിച്ചു. തുടർന്നാണ് കമ്മീഷൻ ബാങ്കിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

Post a Comment

0 Comments