Latest Posts

റോണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റു; നാല് പേര്‍ക്ക് പരിക്ക്, ഒരാൾ ഐസിയുവിൽ

പാലക്കാട് : ലോകകപ്പ് ആഘോഷത്തിന്റെ ഭാഗമായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അപകടം. പാലക്കാട് മേലാമുറിയിലായിരുന്നു സംഭവം.

അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായ ഒരാളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. കട്ടൗട്ട് കെട്ടി ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് ഷോക്കേല്‍ക്കുകയായിരുന്നു. നിലവില്‍ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

അതേസമയം ലോകകപ്പ് മത്സരങ്ങള്‍ കായികലോകത്ത് ആവേശം നിറയ്ക്കുമ്പോള്‍ ഇഷ്ടതാരങ്ങളുടെ കട്ടൗട്ടുകള്‍ ഉയര്‍ത്തുന്ന തിരക്കിലാണ് ആരാധകര്‍. മുമ്പുയര്‍ത്തിയ കട്ടൗട്ടുകളെക്കാള്‍ വലിയ കട്ടൗട്ടുകള്‍ ഉയര്‍ത്താനാണ് ഓരോ കളിയാരാധകരുടെയും ശ്രമം. കോഴിക്കോട് പുള്ളാവൂര്‍ പുഴയിലും വയനാട്ടിലും മലപ്പുറത്തും താരങ്ങളുടെ കട്ടൗട്ടുകള്‍ ഉയര്‍ന്നു.

0 Comments

Headline