Latest Posts

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

ചെന്നൈ : ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. ചെങ്കൽപ്പേട്ട് ഗുഡുവാഞ്ചേരിയിലാണ് ദാരുണ സംഭവം ഉണ്ടായത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. വീട്ടുടമ ഗിരിജ, സഹാേദരി രാധ, ബന്ധുവായ രാജ്കുമാർ എന്നിവരാണ് മരിച്ചത്.

ഊരമ്പാക്കം റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ആർ ആർ അപ്പാർട്ടുമെന്റിലാണ് അപകടമുണ്ടായത്. വെങ്കിട്ടരാമൻ എന്നയാളുടെ പേരിലുള്ളതാണ് ഈ അപ്പാർട്ടുമെന്റ്. കഴിഞ്ഞവർഷം ഇയാൾ മരിച്ചിരുന്നു. ഇയാളുടെ ഭാര്യ ഗിരിജയടക്കമുള്ള ബന്ധുക്കൾ ദുബായിലാണ് താമസം. വെങ്കിട്ടരാമന്റെ ചരമവാർഷികാചരണത്തിനുവേണ്ടിയാണ് കഴിഞ്ഞദിവസം ഇവർ നാട്ടിലെത്തിയത്. ഇതിനിടെയാണ് ദുരന്തം ഉണ്ടായത്.

വിഷവാതകം ശ്വസിച്ചതാണ് മരണ കാരണം.ഉച്ചത്തിലുള്ള സ്ഫോടനശബ്ദം കേട്ട് നാട്ടുകാർ എത്തുമ്പോഴേക്കും മൂവരും മരിച്ചിരുന്നു. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഷാേർട്ട് സർക്യൂട്ടാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

0 Comments

Headline