പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡിവൈഎഫ്ഐ അടക്കം ഇടത് യുവജന സംഘടനകളും ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രി തന്നെയാണ് ഈ തീരുമാനത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതായി ചൂണ്ടിക്കാട്ടിയത്. സർക്കാർ തീരുമാനത്തിനെതിരെ ഭരണപക്ഷത്ത് നിന്നടക്കം രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.
തീരുമാനം മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തുടർനടപടികൾക്ക് ധനമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും ചുമതലപ്പെടുത്തിയെന്നാണ് വിവരം. സംസ്ഥാന സർക്കാരിന് കീഴിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കൽ പ്രായം 58ൽ നിന്ന് 60 ആക്കി കഴിഞ്ഞ ശനിയാഴ്ചയാണ് സർക്കാർ ഉത്തരവിറക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പൊതുമാനദണ്ഡം നിശ്ചയിക്കാൻ 2017ൽ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ കണക്കിലെടുത്തായിരുന്നു തീരുമാനം.
ചില സ്ഥാപനങ്ങളില്‍ വിരമിക്കല്‍ പ്രായം 60 ആണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കല്‍പ്രായം ഏകീകരിക്കുന്നുവെന്ന വാദമുയര്‍ത്തിയാണ് വിരമിക്കല്‍ പ്രായം 60 ആക്കിയത്. ധനവകുപ്പിന്റെ ഉത്തരവിനെതിരെ സർക്കാർ വലിയ പ്രതിഷേധം നേരിട്ടിരുന്നു. എന്നാൽ തീരുമാനത്തെ ന്യായീകരിച്ച് സർക്കാർ പലരീതിയിലും രംഗത്തെത്തിയിരുന്നു. യുവാക്കളെ സർക്കാർ വഞ്ചിച്ചു, എൽഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനത്തിൽ നിന്ന് പിന്നോട്ട് പോയി തുടങ്ങിയ ആരോപണങ്ങളാണ് ഭരണപക്ഷ അനുകൂല യുവജനസംഘടനകൾ അടക്കം ഉന്നയിച്ചിരുന്നത്.
0 Comments