banner

മാധ്യമങ്ങൾക്ക് ഗവർണറുടെ വിലക്ക്; മീഡിയ വണ്ണിനോടും കൈരളിയോടും ഗെറ്റ് ഔട്ട് അടിച്ചു

കൊച്ചി : എറണാകുളം ഗസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്ത പ്രസ്സ് മീറ്റിന് ഇടയിൽ മാധ്യമങ്ങളോട് കയർത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊച്ചിയിൽ ഗവർണറുടെ പ്രതികരണം എടുക്കാനെത്തിയ മീഡിയ വൺ, കൈരളി ചാനലുകളുടെ പ്രതിനിധികളെ പുറത്താക്കി ( Kerala Governor Arif Mohammed Khan and media ban ).

തനിക്ക് എതിരെ ക്യാംപെയ്ൻ നടത്തുന്നവരാണ് ഇവരെന്നും മുഖംമൂടി ധരിച്ച കേഡർ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്നും ഗവർണർ പറഞ്ഞു. ഈ രണ്ട് ചാനലുകളിലെ പ്രതിനിധിയെ പുറത്താക്കിയ ശേഷമാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് സംസാരിച്ചത്.

അതേസമയം, മാധ്യമങ്ങളെ പുറത്താക്കിയ നടപടി അസഹിഷ്ണുത അല്ലേയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായമാണെന്നായിരുന്നു ഗവർണറുടെ മറുപടി. രാജ്ഭവനിൽ നിന്ന് ക്ഷണം ലഭിച്ചാണ് എല്ലാ മാധ്യമങ്ങളും എത്തിയതെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ ഇതുസംബന്ധിച്ച ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും ഗവർണർ മറുപടി പറഞ്ഞു.

സർവകലാശാല വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ഗവർണറുടെ മാധ്യമ വിലക്ക്. തുടർന്ന് മറ്റു മാധ്യമങ്ങളോട് സംസാരിച്ച ഗവർണർ സർവകലാശാല വിഷയത്തിൽ വൈസ് ചാൻസലർമാരുടെ മറുപടി വായിച്ചശേഷം തുടർനടപടി തീരുമാനിക്കുമെന്നും വ്യക്തമാക്കി.

Post a Comment

0 Comments