banner

ഉന്നതവിദ്യാഭ്യാസരംഗം കാവിവല്‍ക്കരിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് യെച്ചൂരി

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയെ മുന്നില്‍ നിര്‍ത്തി എല്‍ഡിഎഫ് നടത്തുന്ന രാജ്ഭവന്‍ പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു. സംസ്ഥാനത്തെ തകര്‍ക്കുന്ന നടപടിയുമായാണ് ഗവര്‍ണര്‍ മുന്നോട്ട് പോകുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഉന്നതവിദ്യാഭ്യസ രംഗം കാവിവല്‍ക്കരിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇതൊരു വ്യക്തിപരമായ പ്രശ്‌നമല്ല, നയപരമായ പ്രശ്‌നമാണ്, അതിന്റെ മേലുള്ള സമരമാണ്. ആശയപരമായ പോരാട്ടത്തെ ബിജെപിയും ആര്‍എസ്എസും അംഗീകരിക്കില്ല. മോദി പറയുന്നത് എന്താണോ അതാണ് അംഗീകരിക്കുക. യുക്തിപരമായി ചിന്തിക്കുന്നവരെ അവര്‍ ഉള്‍ക്കൊള്ളില്ല. കേരളത്തില്‍ മാത്രമാണ് വരുന്നവരെ മതത്തിന് അതീതമായി കാണുന്നതും സ്വീകരിക്കുന്നതും. ഇതിന് കാരണം ഉന്നതവിദ്യാഭ്യാസ മേഖലയുടെ മികവാണ്. കേരളത്തിലെ ജനം ഈ മികവ് തകര്‍ക്കാന്‍ അനുവദിക്കില്ല. കേരള നിയമസഭ പാസാക്കിയ നിയമപ്രകാരമാണ് ഗവര്‍ണറെ ചാന്‍സലറായി നിയമിച്ചത്. സ്വാഭാവികമായി ചാന്‍സലറായതല്ല’, യെച്ചൂരി പറഞ്ഞു.

പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സമാന സ്ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയുടെ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറെ രാഷ്ട്രീയ ഉപകരണമാക്കുകയാണ്. കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങള്‍ക്കും തുല്യ അധികാരം ഉണ്ടെന്നിരിക്കെയാണ് ഈ കടന്നുകയറ്റം. മതനിരപേക്ഷ രാജ്യം ഹിന്ദുത്വ ഫാസിസ്റ്റ് രാജ്യമാക്കി മാറ്റിതീര്‍ക്കുന്നതിന് ഉന്നത വിദ്യാഭ്യാസ രംഗത്തെ കൂടി ഹിന്ദുത്വവല്‍ക്കരിക്കുന്ന നയമാണ് ഇപ്പോള്‍ കേന്ദ്രം സ്വീകരിക്കുന്നത്. ഇതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും യെച്ചൂരി പറഞ്ഞു.

Post a Comment

0 Comments