banner

എൻ്റെ പേരിൽ പുറത്ത് വന്ന കത്ത് എഴുതിയത് താൻ തന്നെ; വെളിപ്പെടുത്തി ഡി.ആർ അനിൽ

തിരുവനന്തപുരം : രണ്ടാമത്തെ വിവാദ കത്ത് എഴുതിയത് താനാണെന്ന് നഗരസഭാ കൗൺസിലർ ഡി.ആർ. അനിൽ. കുടുംബശ്രീ വഴി പെട്ടെന്ന് ആളെ കിട്ടാനാണ് കത്ത് തയ്യാറാക്കിയത്. പക്ഷെ. ശരിയല്ലെന്ന് തോന്നിയതിനാൽ കത്ത് കൈമാറിയില്ല. എന്നിട്ടും കത്ത് എങ്ങനെയാണ് പുറത്തുപോയതെന്ന് അറിയില്ല എന്നും അദ്ദേഹം പറഞ്ഞു ( D r Anil reacts about mayor Arya Rajendran Letter Controversy ).

എസ്എടി ആശുപത്രിയിലെ വിശ്രമ കേന്ദ്രത്തിലേക്ക് താൽകാലിക നിയമനത്തിനായി കുടുംബശ്രീ പ്രവർത്തകരെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് താൻ എഴുതിയതാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത്തരമൊരു കത്ത് നൽകുന്നത് ശരിയല്ലെന്ന് തോന്നിയതായും അതിനാൽ ജില്ലാ സെക്രട്ടറിക്ക് ആ കത്ത് നൽകിയിട്ടില്ലെന്നും അനിൽ പറഞ്ഞു.

നിയമപരമായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ആശുപത്രിയിലേക്ക് നിയമനം നടത്തുകയെന്നും ഡി.ആർ അനിൽ അറിയിച്ചു. എന്നാൽ കത്ത് പുറത്തായതിന് പിന്നിൽ ആരോ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ പ്രചരിക്കുന്ന കത്ത് മനഃപൂർവ്വം ആരോ പുറത്തുനിന്ന് തയ്യാറാക്കിയതാണെന്നും വ്യക്തമായി അന്വേഷിച്ചാൽ ഉറവിടം കണ്ടെത്താനാകുമെന്നും ഡി.ആർ അനിൽ കൂട്ടിച്ചേർത്തു. അതേസമയം തിരുവനന്തപുരം നഗരസഭയിൽ മേയർക്കെതിരെ ഇന്നും പ്രതിഷേധം ഉയരുകയാണ്. കോർപ്പറേഷൻ വളപ്പിനുള്ളിൽ ബിജെപി പ്രവർത്തകരാണ് പ്രതിഷേധം നടത്തുന്നത്.

Post a Comment

0 Comments