Latest Posts

ബലാത്സംഗം പോലെ തന്നെ ക്രൂരമാണ് വ്യാജ ആരോപണവുമെന്ന് ഹൈക്കോടതി; പരാമർശം എല്‍ദോസ് കേസില്‍


കൊച്ചി : ബലാത്സംഗം പോലെ തന്നെ ക്രൂരമാണ് ബലാത്സംഗം ചെയ്‌തെന്ന വ്യാജ ആരോപണവുമെന്ന് ഹൈക്കോടതി. ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

ഈ കേസില്‍ ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നോയെന്നു പരിശോധിക്കണമെന്ന്, കേസ് ഡയറി നോക്കിയ ശേഷം ബെഞ്ച് അഭിപ്രായപ്പെട്ടു. ആദ്യ പരാതിയില്‍ ബലാത്സംഗ ആരോപണം ഇല്ലായിരുന്നുവെന്ന് കോടതി എടുത്തു പറഞ്ഞു. ആദ്യ പരാതിയില്‍ ലൈംഗിക പീഡനം ഉള്‍പ്പെട്ടിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

ആദ്യ മൊഴി പരിശോധിക്കുമ്പോള്‍ ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരം ആയിരുന്നെന്നാണ് മനസ്സിലാവുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ എത്ര തവണ സമ്മതത്തോടെ ബന്ധപ്പെട്ടാലും ഒരു തവണ നോ പറഞ്ഞാല്‍ അതു ബലാത്സംഗം ആവുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. 

പരാതിയും വാദങ്ങളും സിനിമാക്കഥ പോലെ തോന്നുന്നുവെന്നും വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു. തക്കതായ കാരണങ്ങളോടെയാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. അതു റദ്ദാക്കണമെങ്കില്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.

0 Comments

Headline