banner

'മേഴ്സ് എന്ന് പറയുന്നത് പത്രപ്രവർത്തകനാണ്'; ‘മേഴ്‌സി’ പ്രയോഗത്തില്‍ വിശദീകരണവുമായി ഇ പി ജയരാജന്‍

കണ്ണൂര്‍ : ‘മേഴ്‌സി’ പ്രയോഗത്തില്‍ വിശദീകരണവുമായി ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. ബ്ലാക് മെയില്‍ പൊളിറ്റിക്‌സാണ് കൈകാര്യം ചെയ്യുന്നതെന്ന് ഇ പി ജയരാജന്‍ ആരോപിച്ചു. യഥാര്‍ത്ഥത്തില്‍ മേഴ്‌സ് എന്ന പേര് പറയുന്നത് മീഡിയ വണ്‍ റിപ്പോര്‍ട്ടറാണ്. അപ്പോള്‍ എനിക്ക് സംശയമായി. മെസ്സി തന്നെയാണോ എന്ന്? മാധ്യമ പ്രവര്‍ത്തകര്‍ എന്നോട് ചോദ്യം ചോദിക്കുന്നത് പഠിച്ചതിന് ശേഷമായിരിക്കുമല്ലോ? നിങ്ങള്‍ തന്നെ മേഴ്‌സി എന്ന് പറയുമ്പോള്‍ എനിക്ക് സംശയമായി, എന്റെ അടുക്കലാണ് തകരാര്‍ എന്ന്. അവര്‍ പറഞ്ഞത് ഞാന്‍ ആവര്‍ത്തിച്ചു. അല്ലെങ്കില്‍ ഞാന്‍ മെസ്സി എന്നേ പറയൂ. എന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ ചട്ടം കെട്ടി വന്നതാണെന്ന് എനിക്ക് തോന്നിയെന്നും ഇടതുമുന്നണി കണ്‍വീനര്‍ പറഞ്ഞു.

‘നാക്കുപിഴയൊക്കെ സംഭവിക്കാം ഇല്ലെന്നൊന്നും ഞാന്‍ പറയുന്നില്ല. എപ്പോഴും സംഭവിക്കാന്‍ സാധ്യതയുള്ളതാണ്. പേര്‍ഷ്യ, പേഴ്‌സി.. പല വാക്കുകളിലും നാക്കുപിഴ സംഭവിക്കും. അര്‍ജന്റീനയിലേയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേയും യൂറോപ്പിലേയും ഉച്ഛാരണം എങ്ങനെയാണെന്ന് നമുക്ക് അറിയില്ല. പല ഉച്ഛാരണങ്ങളും ഉണ്ടായേക്കാം. ഞാനതിനെ ന്യായീകരിക്കുകകയല്ല. എന്നേപ്പോലുള്ള ഒരാള്‍ അങ്ങനെയൊരു പത്രപ്രവര്‍ത്തകന്‍ വന്ന് പറയുമ്പോള്‍ കേള്‍ക്കാന്‍ പാടില്ലായിരുന്നു. എനിക്കുള്ള സന്ദേശം അതാണ്. ഇനി ഞാനത് ശ്രദ്ധിക്കാം’, ഇ പി ജയരാജന്‍ വ്യക്തമാക്കി.

എനിക്ക് തന്നെ സംഭവിക്കുന്ന ചില തെറ്റുകള്‍ ഉണ്ട്. ഉദാഹരണത്തിന് ശസ്ത്രക്രിയ എന്ന വാക്ക്. ചിലപ്പോള്‍ ഞാന്‍ അത് നീട്ടി ഉച്ഛരിക്കാറുണ്ട്. അങ്ങനെ സംഭവിക്കും. അത് സ്വാഭാവികമാണ്. മലയാളം നമ്മുടെ പ്രാദേശികമായൊക്കെ സംസാരിച്ച് വരുമ്പോള്‍ ചില വാക്കുകള്‍ക്ക് അങ്ങനെ സംഭവിച്ചേക്കും. അത് നാക്കുപിഴയല്ലെന്ന് ഞാന്‍ പറയുന്നില്ല. നാക്കുപിഴ സംഭവിച്ചേക്കാം. അത് തിരിച്ചറിയാനുള്ള പ്രാപ്തി ഇപ്പോള്‍ എല്ലാവര്‍ക്കുമുണ്ട്. അത് ദുരുദ്ദേശപരമായി ഉപയോഗിക്കുന്നവര്‍ക്ക് അത് ഒരു രസമായിരിക്കും. അവര്‍ രസിക്കട്ടെ എന്നേ എനിക്ക് പറയാന്‍ സാധിക്കൂയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.

''മേഴ്സി കപ്പും കൊണ്ടേ പോകൂ. ഇന്ന് പത്രങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. മേഴ്സി തന്നെ പറഞ്ഞിട്ടുണ്ട്, കപ്പും കൊണ്ടേ മടങ്ങൂവെന്ന്. ഫുട്‌ബാൾ എന്ന കായിക വിനോദത്തോടുള്ള അദ്ദേഹത്തിന്റെ അതീവ താൽപര്യമാണ് മേഴ്സിയുടെ ഓരോ വാക്കുകളിലുമുള്ളത്. ഇത്തരത്തിലുള്ള കായിക പ്രതിഭകൾ ഉയർന്നുവരട്ടെ'' എന്നായിരുന്നു മീഡിയവൺ ലോകകപ്പ് പ്രത്യേക പരിപാടിയായ 'പന്തുമാല'യിൽ ജയരാജൻ പറഞ്ഞത്.

إرسال تعليق

0 تعليقات