banner

സര്‍ക്കാരിനെ പിരിച്ചു വിടാന്‍ കേന്ദ്രസര്‍ക്കാറിനോട് ഗവര്‍ണര്‍ ആവശ്യപ്പെടണമെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം : കേരള സര്‍ക്കാരിനെ പിരിച്ചു വിടാന്‍ ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടണമെന്ന് കെ പി സി സി പ്രസിഡന്റ് കെ.സുധാകരന്‍. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിയമപരമായി ഇടപെടുമെന്ന ഗവര്‍ണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. ഗവര്‍ണര്‍ ഉന്നയിച്ച ഗൗരവമുള്ള വിഷയത്തില്‍ ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ആവശ്യപ്പെടുകയാണു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്തു കേസില്‍ അന്വഷണത്തിന് ഉത്തരവ് ഇടാന്‍ എങ്കിലും കേന്ദ്രത്തോട് പറയണം. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുമതി നല്‍കേണ്ടത് ഗവര്‍ണറാണ്. നീതിപൂര്‍വം പ്രവര്‍ത്തിക്കാനുള്ള ആര്‍ജവം ഉണ്ടെങ്കില്‍ ഗവര്‍ണര്‍ അനുമതി നല്‍കട്ടെയെന്നും സുധാകരന്‍ പറഞ്ഞു. വെറുതെ മാറി ഇരുന്ന് ഒരൊന്നും പറയുന്നതിനെ അനുകൂലിക്കുന്നില്ല. സവകലാശാലകളിലേത് വഴിവിട്ട നിയമനമാണ് എന്ന് അറിഞ്ഞ ശേഷവും ഇതൊന്നും തിരുത്താന്‍ ഗവര്‍ണര്‍ തയാറായില്ല. സര്‍ക്കാരുമായി തെറ്റിയപ്പോഴാണ് എല്ലാം പറയുന്നത്. തങ്ങള്‍ ഉന്നയിച്ച ആരോപണം ആണ് ഗവര്‍ണര്‍ ഇപ്പോള്‍ പറയുന്നത്.

ഗവര്‍ണറെ വച്ച് കേരളത്തില്‍ കേന്ദ്രം പിന്‍സീറ്റ് ഡ്രൈവിംഗ് നടത്തുന്നു എന്ന അഭിപ്രായം കോണ്‍ഗ്രസിനില്ല. അതെല്ലാം നടക്കുന്നത് ഉത്തരേന്ത്യയിലാണ്. ഉത്തരേന്ത്യയിലെ പോലെ കാവിവത്കരണം ഇവിടെ ഇല്ല. അത് എതിര്‍ക്കാന്‍ ശക്തമായ പ്രതിപക്ഷം ഇവിടെ ഉണ്ട്. കോണ്‍ഗ്രസിന് സങ്കുചിത താത്പര്യം ഇല്ല. കേരളത്തിലെ സാഹചര്യത്തിന് അനുസരിച്ചാണ് ഇവിടുത്തെ നിലപാട്. ഗവര്‍ണര്‍ ശരി പറഞ്ഞാല്‍ അനുകൂലിക്കും, തെറ്റ് പറഞ്ഞാല്‍ എതിര്‍ക്കും. ഗവര്‍ണറെ വച്ചുള്ള നീക്കം ഒന്നും ഇവിടെ ഇല്ല. ആര്‍ എസ് എസ് പ്രതിനിധിയെ രാജ്ഭവനില്‍ നിയമിച്ചെങ്കില്‍ ആരോപണം ഉന്നയിച്ചവര്‍ ചൂണ്ടിക്കാണിക്കട്ടെ. മന്ത്രിമാര്‍ ഗവര്‍ണറെ പറ്റി സംസാരിക്കുമ്പോള്‍ ഉള്ള പ്രോട്ടോക്കോള്‍ പാലിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

കേരളത്തില്‍ ബിജെപിക്കെതിരെ എന്തിന് സമരം നടത്തണം എന്നും സുധാകരന്‍ ചോദിച്ചു. സ്വര്‍ണക്കടത്ത്, വിസി വിഷയങ്ങളില്‍ ഗവര്‍ണര്‍ എന്ത് ചെയ്യുന്നു എന്ന് നോക്കട്ടെ. ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് മുഖം തിരിക്കരുതെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments