അഞ്ചാലുംമൂട് : എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു കോടി നാല്പത് ലക്ഷത്തിലധികം രൂപ ചിലവഴിച്ച് നിർമ്മിച്ച മിനി സ്റ്റേഡിയത്തിൽ പഞ്ചായത്ത് നേതൃത്വത്തിൽ സംഘടിപ്പിച്ച കേരളോത്സവം ഫുഡ്ബോൾ മത്സരത്തിൽ പഞ്ചായത്തിന് നാണക്കേടായി മിനി സ്റ്റേഡിയം. അനിയന്ത്രിതമായ വെള്ളക്കെട്ട് രൂക്ഷമായതോടെ സ്റ്റേഡിയത്തിൻ്റെ മേൽ നോട്ട ചുമതലയുള്ള പഞ്ചായത്ത് നാണക്കേട് മറയ്ക്കാനായി തൃക്കരുവ മിനി സ്റ്റേഡിയത്തിൽ നിന്ന് ഫുഡ്ബോൾ മത്സരം മാറ്റുകയായിരുന്നു. മത്സരത്തിൻ്റെ നിയന്ത്രണ ചുമതലയുള്ള ക്ലബിനെ പോലും അറിയിക്കാതെയായിരുന്നു പ്രാക്കുളത്തെ എയ്ഡഡ് സ്കൂളിലേക്ക് മത്സരം ക്ഷണനേരം കൊണ്ട് മാറ്റിയത്.
ഇതിനിടെ പഞ്ചായത്തിൻ്റെ ദയനീയത ബോധ്യമായ നിയന്ത്രണ ചുമതലയുള്ള ടി.കെ.എഫ്.സി ക്ലബിൻ്റെ പ്രവർത്തകരായ യുവാക്കൾ സ്റ്റേഡിയം മത്സരത്തിനായി സജ്ജീകരിച്ചെങ്കിലും ഇത് വകവെയ്ക്കാതെ കൂടിയാലോചനയിൽ തീരുമാനിച്ച മിനി സ്റ്റേഡിയത്തെ തഴഞ്ഞ് പ്രാക്കുളത്തെ എയ്ഡഡ് സ്കൂൾ ഗ്രൗണ്ടിലേക്ക് മത്സരം മാറ്റുകയാണ് പഞ്ചായത്തധികൃതർ ചെയ്തത്. ഇതിൽ പ്രതിഷേധിച്ച ടി.കെ.എഫ്.സി ക്ലബുകളുടെ ടീമുകളെ ഒഴിവാക്കി മത്സരം പുനർക്രമീകരിച്ച പഞ്ചായത്തിൻ്റെ തീരുമാനവും വിവാങ്ങൾക്ക് വഴിവെച്ചു.
ഇതോടെ യുവാക്കളുടെ നേതൃത്വത്തിൽ മിനി സ്റ്റേഡിയത്തിൽ വാഴ വെച്ച് പ്രതിഷേധിച്ചു. തുടർന്ന് പഞ്ചായത്ത് ഓഫീസിലേക്ക് യുവാക്കൾ എത്തി തങ്ങളുടെ പ്രതിഷേധമറിയിച്ചെങ്കിലും അസിസ്റ്റൻ്റ് സെക്രട്ടറി തനിക്കൊന്നുമറിയില്ലെന്ന് കൈമലർത്തിയതോടെ പ്രതിഷേധവുമായി മത്സരം നടക്കുന്ന പ്രാക്കുളത്തെ എയ്ഡഡ് സ്കൂൾ ഗ്രൗണ്ടിലേക്ക് എത്തി പഞ്ചായത്ത് പ്രസിഡൻ്റിനേയും പഞ്ചായത്ത് സെക്രട്ടറിയേയും യുവാക്കൾ പ്രതിഷേധമറിയിച്ചു.
തെറ്റുതിരുത്തകയെന്നോണം പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ മത്സരം പുനരാരംഭിക്കാമെന്ന രീതിയിലേക്ക് ചർച്ച ആരംഭിച്ചെങ്കിലും ഇത് വരെ നടത്തിയ മത്സരങ്ങൾ വീണ്ടും നടത്തണമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയതോടെ മത്സരാർത്ഥികളായ ടീമുകളുടെ ദുരിതം മനസ്സിലാക്കി യുവാക്കൾ പ്രതിഷേധം താല്കാലികമായി അവസാനിപ്പിക്കുകയും നാളെ സമാപന പരിപാടികൾ ഉപരോധിച്ച് പ്രതിഷേധിക്കുമെന്നും അറിയിച്ചു.
0 Comments