banner

കിളികൊല്ലൂരിലെ പോലീസ് ക്രൂരത: പോലീസിനെ വെള്ളപൂശി പൊലീസ് റിപ്പോര്‍ട്ട്


കൊല്ലം : കിളികൊല്ലൂരിൽ പോലീസ് സ്‌റ്റേഷനിൽ സൈനികനെ മർദ്ദിച്ച വിവാദ കേസിൽ പോലീസുകാർക്ക് അനുകൂലമായി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സൈനികൻ വിഷ്ണുവിനെയും സഹോദരൻ വിഘ്‌നേഷിനെയും മർദ്ദിച്ചത് ആരാണെന്ന് അറിയില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. 

അതേസമയം വിഘ്നേഷിനും സൈനികനായ വിഷ്ണുവിനും മർദ്ദനമേറ്റത് പോലീസ് സ്‌റ്റേഷനിലാണെന്ന് വിചിത്രമായ ഈ റിപ്പോർട്ടിൽ സമ്മതിക്കുന്നുമുണ്ട്. 
പൊലീസ് ഭീഷണിപ്പെടുത്തിയതിന് തെളിവില്ലെന്നും യുവാക്കള്‍ സ്റ്റേഷനില്‍ നിന്ന് രക്ഷപെടാതിരിക്കാന്‍ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി ഇരുത്തിയെന്നുമാണ് മനുഷ്യാവകാശ കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

സംഭവ സമയം സ്റ്റേഷനിലേക്ക് പരാതിയുമായി എത്തിയ ആളോട് ഇതേപ്പറ്റി അന്വേഷിച്ചപ്പോള്‍ മർദ്ദനമേൽക്കുന്നത് കണ്ടില്ലെന്നാണ് ഇയാൾ മൊഴി നൽകിയത് എന്നും റിപ്പോർട്ടിലുണ്ട്.

പോലീസിലെ ഉന്നതരെ രക്ഷപെടുത്താനാണ് ഈ നീക്കമെന്നാണ് പരാതിക്കാരനായ വിഘ്നേഷ് ആരോപിക്കുന്നത്. നിലവില്‍ ഡിസിആര്‍ബി ‍ഡിവൈഎസ്പി നടത്തുന്ന അന്വേഷണം ഉള്‍പ്പെടെ അട്ടിമറിക്കാനാണെന്നാണ് പരതിക്കാരുടെ ആക്ഷേപം.  

സൈനികനായ വിഷ്ണുവിനും സഹോദരന്‍ വിഘ്‌നേഷിനുമാണ് കിളികൊല്ലൂര്‍ സ്‌റ്റേഷനില്‍ മര്‍ദ്ദനമേറ്റത്. പോലീസ് സെലക്ഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ട വിഘ്‌നേഷ് അടുത്ത ദിവസം ശാരീരിക ക്ഷമത പരീക്ഷയില്‍ പങ്കെടുക്കേണ്ടതാണ്. 

എം.ഡി.എം.എ.യുമായി കരിക്കോട് ജങ്ഷനില്‍നിന്ന് ഓഗസ്റ്റ് 25-ന് ദമ്പതിമാരടക്കം നാല് പേരെ കിളികൊല്ലൂര്‍ പോലീസ് പിടികൂടിയതാണ് സംഭവങ്ങളുടെ തുടക്കം. പ്രതികളെ സഹോദരങ്ങള്‍ സ്‌റ്റേഷനില്‍ അതിക്രമിച്ചുകയറി ഇറക്കിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നും പോലീസുകാരനെ ആക്രമിച്ചുവെന്നുമാണ് പോലീസ് പറയുന്നത്. എം.ഡി.എംഎ കേസില്‍ പെട്ടവരാണെന്ന് മാധ്യമങ്ങളോടും പോലീസ് തലപ്പത്തും റിപ്പോര്‍ട്ടു നല്‍കിയ ഉദ്യോഗസ്ഥര്‍ ഇവരെ 12 ദിവസം റിമാന്‍ഡിലാക്കുകയും ചെയ്തിരുന്നു. 

എന്നാല്‍, ലഹരിക്കേസില്‍ അറസ്റ്റിലായ ഒരാളെ ജാമ്യത്തിലിറക്കാന്‍ ഒരു പോലീസുകാരന്‍ സഹോദരന്മാരില്‍ ഒരാളെ വിളിച്ചുവരുത്തിയതെന്നും ഇതിനു തയ്യാറാകാതെ വന്നപ്പോഴാണ് മര്‍ദ്ദിച്ചതെന്നും വിഘ്‌നേഷ് പറഞ്ഞിരുന്നു. കേസില്‍ ഉള്‍പ്പെട്ടതിനു പിന്നാലെ വിഷ്ണുവിന്റെ വിവാഹവും മുടങ്ങി

Post a Comment

0 Comments