എഡ്യുക്കേഷന്‍ ടെക് കമ്പനിയായ ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസഡറായി അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി. മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള എഡ്യുക്കേഷന്‍ ടെക് കമ്പനിയാണ് ബൈജൂസ്. ബൈജൂസുമായി മെസി കരാറില്‍ ഒപ്പുവെച്ചു.
ബൈജൂസിന്റെ ജേഴ്‌സി ധരിച്ച് ലോകകപ്പില്‍ കളിക്കാനുപയോഗിക്കുന്ന അല്‍ രിഹ്ല പന്തും പിടിച്ച് മെസി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഖത്തറില്‍ ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് മെസിയെ ബൈജൂസ് ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചത്.
എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന ബൈജൂസിന്റെ സോഷ്യല്‍ ഇനിഷ്യേറ്റീവ് ബ്രാന്‍ഡ് ആദ്യ ആഗോള അംബാസഡറായാണ് മെസിയെ നിയോഗിച്ചത്. 2020ലാണ് എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന സോഷ്യല്‍ ഇനിഷ്യേറ്റീവിന് ബൈജൂസ് തുടക്കമിട്ടത്. ഈ മാസം തുടങ്ങുന്ന ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാര്‍ കൂടിയാണ് ബൈജൂസ്.
ബൈജൂസിന്റെ സാമൂഹിക പ്രതിബദ്ധതാ അംബാസഡര്‍ എന്ന നിലയില്‍ ഇനി മെസി പ്രവര്‍ത്തിക്കും. ‘എല്ലാവര്‍ക്കും വിദ്യാഭ്യാസം’ എന്ന ബൈജൂസിന്റെ പദ്ധതിയുമായാണ് മെസി സഹകരിക്കുക. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ലോകകപ്പ് ക്രിക്കറ്റിന്റെയും സ്‌പോണ്‍സര്‍മാരാണ് നിലവില്‍ ബൈജൂസ്.
കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആഗോളതലത്തില്‍ തന്നെ ഏറ്റവും ആരാധകരുള്ള കായിക താരങ്ങളില്‍ ഒരാളുമായി ബൈജൂസ് കൈകോര്‍ക്കുന്നത്. ഫുട്‌ബോള്‍ ലോകകപ്പ് അടുത്തിരിക്കെയാണ് ബൈജൂസിന്റെ നീക്കം എന്നത് ശ്രദ്ധേയമാണ്.
0 Comments