banner

കൈവേദന മാറാൻ യൂട്യൂബ് നോക്കി ജ്യൂസ് നിർമ്മിച്ച് കുടിച്ചു; യുവാവിന് ദാരുണാന്ത്യം

ഇക്കാലത്ത് എന്തെങ്കിലും അസുഖമുണ്ടെങ്കിൽ ആശുപത്രിയിൽ പോകുകയോ ഡോക്ടറെ കാണിക്കുകയോ ചെയ്യുന്നതിന് മുമ്പ്, ഗൂഗിളിനോടും യൂട്യൂബിനോട് പറയുകയാണ് മിക്കവരും ചെയ്യുന്നത്. ഇങ്ങനെ ഇന്‍റർനെറ്റിൽ നോക്കിയുള്ള സ്വയം ചികിത്സ പലപ്പോഴും പൊല്ലാപ്പായി മാറാറുണ്ട്. ഇപ്പോഴിതാ, മധ്യപ്രദേശിൽ ഒരാൾക്ക് ജീവൻ നഷ്ടമായിരിക്കുന്നുവെന്ന വിവരമാണ് ലഭിക്കുന്നത്.

കൈ വേദന മാറാൻ വേണ്ടി യൂട്യൂബ് വീഡിയോ നോക്കി വെള്ളരി ജ്യൂസ് ഉണ്ടാക്കി കുടിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. സ്വർണബാഗ് കോളനിയിൽ താമസിക്കുന്ന ധർമേന്ദ്ര കൊറോലെ (30) ആണ് മരിച്ചത്.

ഒരു അപകടത്തെ തുടർന്നാണ് ധർമേന്ദ്ര കൊറോലെയ്ക്ക് കൈ വേദന തുടങ്ങിയത്. ഖാണ്ഡവ സ്വദേശിയായ ധർമേന്ദ്ര നഗരത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരുമ്പോഴാണ് അപകടം ഉണ്ടായത്. കൈ വേദനയ്ക്ക് പലയിടത്തും പോയി ചികിത്സിച്ചെങ്കിലും ശമനമുണ്ടായില്ല.

പിന്നീട് യൂട്യൂബിൽ നാടൻ വേദന സംഹാരിക്കായി സെർച്ച് ചെയ്തു, വനഭാഗത്തോട് ചേർന്ന് കാണപ്പെടുന്ന പ്രത്യേകതരം കാട്ടു വെള്ളരിയുടെ ജ്യൂസ് കുടിക്കുന്നത് വേദന കുറയ്ക്കുമെന്ന് ഒരു വീഡിയോയിൽ നിന്ന് മനസ്സിലാക്കി.

അങ്ങനെ ഏറെ ശ്രമപ്പെട്ട് ദൂരെ സ്ഥലങ്ങളിൽ പോയി കാട്ടു വെള്ളരി സംഘടിപ്പിച്ചുകൊണ്ടുവന്ന്, യൂട്യബ് വീഡിയോ നോക്കി ജ്യൂസ് ഉണ്ടാക്കി കുടിച്ചു. ജ്യൂസ് കുടിച്ചതിന് പിന്നാലെ നിർത്താതെ ഛർദ്ദി അനുഭവപ്പെട്ടു. ഇതോടെ വീട്ടുകാർ ഉടൻ തന്നെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആരോഗ്യനില വഷളായ ധർമ്മേന്ദ്ര ആശുപത്രിയിൽവെച്ച് മരിക്കുകയായിരുന്നു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ധർമേന്ദ്രയുടെ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കുടുംബാംഗങ്ങളുടെ മൊഴിയും പോലീസ് എടുത്തിട്ടുണ്ട്.

Post a Comment

0 Comments