കോഴിക്കോട് : പീപ്പിള്‍സ് റെസ്റ്റ് ഹൗസുകള്‍ വഴി ഒരു വര്‍ഷം കൊണ്ട് സര്‍ക്കാരിന് 4.33 കോടി രൂപ വരുമാനം ലഭിച്ചതിനു പുറമേ പൊതുജനങ്ങള്‍ക്ക് ഏഴു കോടി രൂപയുടെ ലാഭവുമുണ്ടായിട്ടുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
പൊതുമരാമത്ത് വകുപ്പിനു കീഴിലെ റെസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റെസ്റ്റ് ഹൗസ് ആക്കി മാറ്റിയതിന്റെ ഒന്നാം വാര്‍ഷികാഘോഷം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
67000 ആളുകളാണ് ഈ വര്‍ഷം റെസ്റ്റ് ഹൗസുകള്‍ ഉപയോഗിച്ചത്. നേരത്തേ റെസ്റ്റ് ഹൗസുകള്‍ സാധാരണക്കാര്‍ക്ക് ലഭിക്കണമെങ്കില്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കണമായിരുന്നു. റെസ്റ്റ് ഹൗസുകള്‍ നവീകരിച്ച് ബുക്കിംഗ് ഓണ്‍ലൈനാക്കിയതോടെ ഇതിനു മാറ്റംവന്നു. മുറികളുടെ ലഭ്യതയുള്‍പ്പെടെ നേരത്തേ അറിയാനുള്ള സംവിധാനമായി. താമസക്കാരുടെ അഭിപ്രായം സ്വരൂപിച്ചും സര്‍ക്കാരിന്റെ സാമ്പത്തിക സാഹചര്യം പരിഗണിച്ചുമായിരിക്കും നവീകരണപ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ടത്തിലേക്കു കടക്കുകയെന്ന് മന്ത്രി പറഞ്ഞു.
2021 നവംബർ ഒന്നിനാണ് പിഡബ്ള്യുഡി റെസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയത്. രണ്ടുപേര്‍ക്ക് താമസിക്കാവുന്ന എ.സി. മുറികള്‍ക്ക് ആയിരം രൂപയും നോണ്‍ എ.സി. മുറികള്‍ക്ക് അറുനൂറ് രൂപയുമാണ് വാടക. സംസ്ഥാനത്തുടനീളം പൊതുമരാമത്ത് വകുപ്പിനു കീഴിൽ 155 റെസ്റ്റ് ഹൗസുകളാണ് നിലവിലുള്ളത്. അവയിൽ 148 റെസ്റ്റ് ഹൗസുകളിലായി 1189 മുറികളാണ് resthouse.pwd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നത്.
തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. ചലച്ചിത്ര, നാടക നടന്‍ സന്തോഷ് കീഴാറ്റൂര്‍ മുഖ്യപ്രഭാഷണം നടത്തി. മേയര്‍ ഡോ. ബീന ഫിലിപ്പ്, എം.എല്‍.എമാരായ എം.കെ. മുനീര്‍ , ഇ.കെ.വിജയന്‍, പി.ടി.എ. റഹീം, കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, ലിന്റോ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍ എല്‍. ബീന സ്വാഗതവും സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എ. മുഹമ്മദ് നന്ദിയും പറഞ്ഞു.
0 Comments