banner

കുളത്തൂപ്പുഴ ടെക്‌നിക്കല്‍ ഹൈസ്‌കൂളിനെ പോളിടെക്‌നിക്കായി ഉയര്‍ത്തുമെന്ന് മന്ത്രി ആര്‍. ബിന്ദു

കൊല്ലം : കുളത്തൂപ്പുഴ സാം ഉമ്മന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിനെ പോളിടെക്‌നിക്കായി ഉയര്‍ത്തുന്നത് പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. നാലാമത് അഖില കേരള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ശാസ്ത്ര-സാങ്കേതിക മേള സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവരും ആദിവാസി മേഖലയിലെയും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്നതാണ് ജില്ലയുടെ കിഴക്കന്‍ മേഖലയായ കുളത്തൂപ്പുഴ. ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് സാങ്കേതികവിദ്യാഭ്യാസം നല്‍കുന്നതിന് ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി പോളിടെക്‌നിക് നിലവാരത്തിലെത്തിക്കും. ശാസ്ത്ര-സാങ്കേതിക മേള സംഘടിപ്പിക്കുന്നതിലൂടെ നൂതന സാങ്കേതിക വിദ്യാഭ്യാസത്തെ അടുത്തറിയുന്നതിന് പൊതുജനങ്ങള്‍ക്കും അവസരം ലഭിക്കും. സാങ്കേതിക വിദ്യാഭ്യാസം സ്‌കൂള്‍തലം മുതല്‍ ലഭിക്കുന്നതിലൂടെ വിദ്യാര്‍ഥികളില്‍ തൊഴിലിനോടുള്ള ആഭിമുഖ്യം വളര്‍ത്തിയെടുക്കാനാകും. പ്രവൃത്തിപരിചയത്തിലൂടെ വിദ്യാഭ്യാസം നല്‍കുന്നതിനാണ് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 48 ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ നിന്നുമായി 450ലധികം വിദ്യാര്‍ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. സ്‌കൂളുകളുടെ സ്റ്റാളുകള്‍ക്ക് പുറമേ ഐ. എസ്. ആര്‍. ഒ, സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം, ഇന്ത്യന്‍ നേവി, ഫുഡ് ആന്‍ഡ് സേഫ്റ്റി ലാബ്, ടി. കെ. എം.കോളജ് ഓഫ് എഞ്ചിനിയറിംഗ്, സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ്, വനം വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ഹരിതകേരളം മിഷന്‍ എന്നിവയുടെയും വിവിധ കമ്പനികളുടെ പ്രദര്‍ശനസ്റ്റാളുകളും മേളയിലുണ്ട്.

പി. എസ് സുപാല്‍ എം.എല്‍.എ അധ്യക്ഷനായി. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രന്‍, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് നദീറ സൈഫുദ്ദീന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ. അനില്‍ കുമാര്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ടി. പി ബൈജുഭായ്, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments