banner

യുവാവിൻ്റെ ചവിട്ടേറ്റ ആറ് വയസ്സുകാരന് പിന്തുണയുമായി മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം : തലശ്ശേരിയില്‍ കാറില്‍ ചാരി നിന്ന രാജസ്ഥാന്‍ സ്വദേശിയായ ആറ് വയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തില്‍ ശിശുവികസന വകുപ്പിന്റെ ഇടപെടലുണ്ടാകും എന്ന് മന്ത്രി വീണ ജോര്‍ജ്. കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ കുടുംബത്തിന് നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ ശിശുവികസന വകുപ്പ് നല്‍കും. സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കും. ഉപജീവനം തേടിയെത്തിയതാണ് അവരെന്നും മന്ത്രി സംഭവത്തെ അപലപിച്ചുകൊണ്ട് സംസാരിക്കവെ പറഞ്ഞു.

‘കാറില്‍ ചാരിനിന്നതിന് ആറ് വയസ്സുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്. അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നല്‍കും’

രാജസ്ഥാന്‍ സ്വദേശിയായ കുട്ടിയാണ് അക്രമിക്കപ്പെട്ടതെന്നും കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നില്‍ക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഉപജീവനത്തിന് മാര്‍ഗ്ഗം തേടിയെത്തിയതാണ് ആ കുടുംബം. സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കും എന്നും മന്ത്രി പ്രതികരിച്ചു.

കാറില്‍ ചാരിയെന്ന് ആരോപിച്ച് തലശ്ശേരിയില്‍ ആറുവയസുകാരനെ ചവിട്ടി തെറിപ്പിച്ച കാറുടമയുടെ പ്രവര്‍ത്തിയില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഇതിനിടെ പ്രതി പിടിയിലായി. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് എതിരെ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

രാജസ്ഥാന്‍ സ്വദേശിയായ ഗണേഷ് എന്ന കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചതെന്നാണ് വിവരം. കാറില്‍ ചാരിനില്‍ക്കുകയായിരുന്ന കുട്ടിയെ യാതൊരു പ്രകോപനവും കൂടാതെയാണ് ഇയാള്‍ ചവട്ടിത്തെറിപ്പിച്ചത്. രാജസ്ഥാനില്‍ നിന്ന് ജോലി തേടി കേരളത്തിലെത്തിയ കുടുംബത്തിലെ അംഗമാണ് മര്‍ദനമേറ്റ ഗണേഷ്.

നടുവിന് പരിക്കേറ്റ കുട്ടി തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ സമീപത്തെ ഓട്ടോ ഡ്രൈവറും മറ്റും ശിഹ്ഷാദിനെ ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ കാറില്‍ കയറി സ്ഥലം വിടുകയായിരുന്നു.

Post a Comment

0 Comments