banner

ഹർഷാദിനെ കൊലപ്പെടുത്തിയത് അതിക്രൂരമായ മർദ്ദനത്തിലൂടെ; വാരിയെല്ല് തകർത്തു, ശരീരത്തിൽ 160 ലേറെ മുറിവുകൾ


പാലക്കാട് :
കൊപ്പം മണ്ണേങ്ങോട് അത്താണിയിൽ വാടകവീട്ടിൽ മുളയൻകാവ് പെരുമ്പ്രത്തൊടി സലാമിന്റെ മകൻ ഹർഷാദ് (21) മരിച്ചത് മർദനമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഹർഷാദിനൊപ്പമുണ്ടായിരുന്ന ബന്ധുവിനെ അറസ്റ്റ് ചെയ്തു. ഹർഷാദിന്റെ പിതൃസഹോദരീപുത്രൻ മുളയങ്കാവ് പാലപ്പുഴവീട്ടിൽ ഹക്കീം (27) ആണ് അറസ്റ്റിലായത്. ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടേറ്റതിന്റെയും ബെൽറ്റുകൊണ്ട് അടിയേറ്റതിന്റെയും പാടുകൾ ഹർഷാദിന്റെ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വാടകവീട്ടിൽ വളർത്തിയിരുന്ന പട്ടിക്ക് തീറ്റകൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

സ്വകാര്യ ഇന്റർനെറ്റ് നെറ്റ്‌വർക്കിന്റെ കേബിൾവലിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു ഹർഷാദും ഹക്കീമും. കൊപ്പം അത്താണിയിലെ വാടക വീട്ടിലാണ് കഴിഞ്ഞ നാലുമാസത്തോളമായി ഇവർ താമസിക്കുന്നത്. ഹർഷാദിനെ ഹക്കീം നിരന്തരം മർദിച്ചിരുന്നതായി പോലീസ് പറയുന്നു. വ്യാഴാഴ്ചയും ക്രൂര മർദനത്തിന് ഹർഷാദ് ഇരയായി. വെള്ളിയാഴ്ചരാവിലെ അവശനിലയിലായ ഹർഷാദിനെ ഹക്കീമും ഇയാൾ വിളിച്ചുവരുത്തിയ മറ്റുള്ളവരും ചേർന്നാണ് ഉച്ചയോടെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കെട്ടിടത്തിൽനിന്ന്‌ വീണെന്നുപറഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്.

ആശുപത്രിയിൽ എത്തിക്കുന്നതിന് നാലുമണിക്കൂർ മുമ്പ് മരിച്ചതായാണ് വിവരം. ഇതറിഞ്ഞതോടെ ഹക്കീം ആശുപത്രിയിൽനിന്ന്‌ മുങ്ങുകയായിരുന്നു. കൊപ്പംപോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ഹക്കീമിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

കൊപ്പം എസ്.ഐ. എം.ബി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹക്കീമിനെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. രാത്രി എട്ടരയോടെ പ്രതിയുമായി സംഭവസ്ഥലത്ത് തെളിവെടുപ്പുനടത്തി.

ഹർഷാദിനേറ്റത് ക്രൂരമർദനം

കൊപ്പത്ത് മരിച്ച ഹർഷാദ് അനുഭവിച്ചത് ക്രൂര മർദനം. ശരീരത്തിൽ 160-ഓളം മുറിവുകളുണ്ടായിരുന്നു. ബൂട്ട്, ബെൽറ്റ് എന്നിവകൊണ്ട് അടിച്ചതിന്റെയും ചവിട്ടിയതിന്റെയും പാടുകൾ ശരീരത്തിലുടനീളമുണ്ടായിരുന്നു.

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ആറുമണിക്കൂറോളം പോസ്റ്റ്മോർട്ടം നീണ്ടു. ഹർഷാദിന്റെ വാരിയെല്ലുകൾ പൊട്ടിയൊടിഞ്ഞ നിലയിലായിരുന്നു. ആന്തരിക രക്തസ്രാവമടക്കം മരണത്തിന് കാരണമായതായി പോലീസ് പറയുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച വൈകീട്ടോടെ ബന്ധുകൾക്ക് വിട്ടുകൊടുത്തു.

Post a Comment

0 Comments