കൊച്ചി : ആരോടും അമര്‍ഷമില്ലെന്നും ആരോട് സംസാരിക്കാനും ബുദ്ധിമുട്ടില്ലെന്നും ശശി തരൂർ. പ്രതിപക്ഷ നേതാവുമായി സംസാരിക്കുമോയെന്ന ചോദ്യത്തിന് 'കിന്റര്‍ ഗാര്‍ഡനില്‍ സംസാരിക്കാതിരിക്കുന്നത് പോലെ ചെയ്യാന്‍ നമ്മള്‍ കുട്ടികളാണോ' എന്നായിരുന്നു തരൂരിന്റെ ചിരി കലര്‍ന്ന പ്രതികരണം.
തന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും തരൂർ വ്യക്തമാക്കി. സംസ്ഥാനത്തെത്തിയ താരിഖ് അന്‍വറോ, അച്ചടക്ക സമിതിയോ ഒരു തരത്തിലുള്ള അതൃപ്തിയും അറിയിച്ചിട്ടില്ലെന്നും പാര്‍ട്ടി കീഴ്വഴക്കം ലംഘിച്ചിട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കി. കെ.പി.സി.സി. അദ്ധ്യക്ഷന്‍ കെ സുധാകരനുമായി നല്ല ബന്ധം മാത്രമാണുള്ളതെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പൊതുപരിപാടിയിലും കോണ്‍ഗ്രസ് പരിപാടിയിലും പങ്കെടുക്കുമ്പോള്‍ ഡിസിസിയെ അറിയിക്കാറുണ്ടെന്നും എന്നാല്‍, സ്വകാര്യപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഡി.സി.സി. പ്രസിഡന്റുമാരെ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും മോശം വാക്ക് പാര്‍ട്ടിക്കെതിരെയോ പ്രവര്‍ത്തകര്‍ക്കെതിരെയോ നിങ്ങള്‍ കേട്ടിട്ടുണ്ടോ. എന്താണ് വിഷയമെന്ന് എനിക്കറിയില്ല. എന്റെ ഭാഗത്ത് നിന്നും വിവാദമോ അമര്‍ഷമോ ഉണ്ടായിട്ടില്ല. കോൺഗ്രസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ വേളയിലാണ് തരൂർ പരാമർശം നടത്തിയത്.
0 Comments