banner

‘ഓപ്പറേഷന്‍ താമര’; കൊച്ചിയില്‍ തെലങ്കാന പൊലീസിന്‍റെ അന്വേഷണം

ടിആർഎസ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് കൊച്ചിയിൽ. കേസിൽ അറസ്റ്റിലായ രാമചന്ദ്ര ഭാരതിയുടെ സുഹൃത്തായ സ്വാമി കൊച്ചിയിൽ ഒളിവിലാണെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് തെലങ്കാന പൊലീസ് എത്തിയത്. സ്വാമിയുമായി ബന്ധപ്പെട്ട് ഏലൂർ സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കേസിൽ ഇതുവരെ മൂന്ന് പേർ അറസ്റ്റിലായി. കേസിലെ പ്രതിയായ സതീഷ് ശർമ്മയുമായും കൊച്ചിയിലെ സ്വാമിക്ക് ബന്ധമുണ്ട്. കാസർകോട് സ്വദേശിയായ സതീഷ് ശർമ യുപി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. തെലങ്കാന നൽഗൊണ്ട എസ്പി രമ രാജേശ്വരി നേരിട്ട് കൊച്ചിയിലെത്തി. കൊച്ചി സിറ്റി പൊലീസിന്‍റെ സഹായത്തോടെയാണ് കേരളത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നത്.

തുഷാർ വെള്ളാപ്പള്ളി ആരോപണം നേരിടുന്ന കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ അന്വേഷണ സംഘം റെയ്ഡ് നടത്തും. ഓപ്പറേഷൻ താമരുമായി ബന്ധപ്പെട്ട കേസിൽ കേരള പൊലീസിന്‍റെ സഹായത്തോടെയാകും റെയ്ഡ് നടപടികൾ നടത്തുക. ടിആർഎസ് എംഎൽഎമാരെ ബിജെപിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ആരോപിച്ചിരുന്നു. കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകൾ തെലങ്കാന പൊലീസിന് ലഭിച്ചതായാണ് സൂചന.


إرسال تعليق

0 تعليقات