banner

കിളികൊല്ലൂരിലെ പൊലീസ് ക്രൂരത: സൈനികനും സഹോദരനും ഹൈക്കോടതിയെ സമീപിച്ചു

കൊല്ലം : കൊല്ലം കിളികൊല്ലൂരിലെ പൊലീസ് അതിക്രമത്തിന് ഇരയായ സൈനികനും സഹോദരനും ഹൈക്കോടതിയെ സമീപിച്ചു. തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.

പൊലീസുകാർക്കെതിരായ അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നും ഹരജിയിലുണ്ട്. ഹർജി തിങ്കളാഴ്ച പരിഗണിക്കും. കിളികൊല്ലൂർ സ്വദേശികളായ വിഷ്ണു , വിഘ്നേഷ് എന്നിവരെ പൊലീസ് ക്രൂരമായി മർദിച്ചെന്നും ഇരുവർക്കുമെതിരെ കളളക്കേസെടുത്തെന്നുമാണ് പരാതി.   കഞ്ചാവ് കേസ് പ്രതിയെ ജാമ്യത്തിലിറക്കാനെത്തിയ സൈനികനും സഹോദരനും കിളികൊല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐയുടെ തലയ്ക്കടിച്ചെന്ന സംഭവം പൊലീസിന്റെ നാടകമാണെന്ന് തെളിഞ്ഞതോടെ പൊലീസുകാർക്കെതിരെ നടപടിയെടുത്തിരുന്നു. പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഓരോരുത്തരായി തങ്ങളെ ക്രൂരമായി അടിച്ച് അവശരാക്കുകയായിരുന്നുവെന്നാണ് മർദനമേറ്റവരുടെ വെളിപ്പെടുത്തൽ.

സംഭവത്തിൽ പൊലീസിനെതിരെ സൈനികന്റെ സഹോദരൻ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തന്നെയും ചേട്ടനെയും പട്ടിയെപ്പോലെ തല്ലിച്ചതച്ചെന്നും സൈനികനാണെന്ന് പറഞ്ഞപ്പോൾ വിഷ്ണുവിന്റെ ചെകിട്ടത്തടിച്ചെന്നും വിഘ്‌നേഷ് പറഞ്ഞു. വിഷ്ണുവിന്റെ കാഞ്ചി വലിക്കുന്ന വിരൽ തല്ലിയൊടിച്ചു. അടിവസ്ത്രം മാത്രമിട്ട് വനിതാ പൊലീസുകാരുടെ മുന്നിലിട്ടായിരുന്നു ക്രൂരമർദനം. പ്രതിരോധത്തിനിടയിൽ സൈനികൻ നൽകിയ ഒരു അടിയേറ്റാണ് എ.എസ്.ഐ പ്രകാശ് ചന്ദ്രന്റെ കണ്ണിന് മുകളിൽ പരുക്കേറ്റത്.

Post a Comment

0 Comments