banner

അഴിമതിക്കാരെ രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി; സി.എം.എസ് ഉദ്ഘാടനം ചെയ്‌തു

അഴിമതിക്കാർക്ക് രാഷ്ട്രീയവും സാമൂഹികവുമായ സംരക്ഷണം നൽകരുതെന്നും അവരെ ഒരു കാരണവശാലും രക്ഷപ്പെടാൻ അനുവദിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി ഒരു തിന്മയാണെന്നും അതിൽ നിന്ന് നാം വിട്ടുനിൽക്കണമെന്നും മോദി പറഞ്ഞു. ഡൽഹി വിജ്ഞാൻ ഭവനിൽ കേന്ദ്ര വിജിലൻസ് കമ്മീഷന്റെ ബോധവത്കരണ വാരാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര വിജിലൻസ് കമ്മീഷന്റെ (സിവിസി) പുതിയ കംപ്ലെയിന്റ് മാനേജ്‌മെന്റ് സിസ്റ്റം പോർട്ടലിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട പരാതികൾ ഓൺലൈനായി നൽകാൻ ജനങ്ങളെ സഹായിക്കുന്നതാണ് പുതിയ പരാതി സംവിധാനമെന്നും, തങ്ങളുടെ പരാതിയുടെ പുരോഗതി പരിശോധിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഴിമതി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ വകുപ്പുകളുടെ റാങ്കിംഗ് നടത്തണമെന്നും ഉദ്യോഗസ്ഥർക്കെതിരായ അഴിമതിക്കേസുകൾ തക്ക സമയത്ത് തീർപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. അഴിമതിക്കെതിരെ പൊതുജനങ്ങൾക്ക് ബോധവത്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ‘വികസിത രാഷ്ട്രത്തിന് അഴിമതി രഹിത ഇന്ത്യ’ എന്ന വിഷയത്തിൽ ഒക്ടോബർ 31 മുതൽ നവംബർ ആറ് വരെ വിജിലൻസ് ബോധവത്‌കരണ വാരം സംഘടിപ്പിക്കുന്നത്.

Post a Comment

0 Comments