ആദ്യ പകുതിയിൽ 'വാറി'ൽ തട്ടി പൊലിഞ്ഞ മനോഹരമായ ഫ്രീകിക്ക് ഗോളിന്റെ കാർബൺ കോപ്പി ഷോട്ടിലായിരുന്നു ആദ്യഗോൾ പിറന്നത്. 73-ാം മിനിറ്റിൽ ബെൽജിയത്തിന്‍റെ ഫൗളിൽനിന്ന് കിട്ടിയ ഫ്രീകിക്കെടുത്തത് അബ്ദുൽ ഹമീദ് സാബിരി. ബോക്‌സിന്റെ വലതു കോർണറിൽനിന്ന് ബെൽജിയം പോസ്റ്റിലേക്ക് അളന്നുമുറിച്ച കിടിലൻ ഷോട്ട്. ഗോൾകീപ്പർ തിബോ കോർട്വോയ്ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
അധിക സമയത്തായിരുന്നു രണ്ടാമത്തെ ഗോൾ. സബ്സ്റ്റിറ്റിയൂട്ട് ആയി ഇറങ്ങിയ സകരിയ്യ അബൂഖ്‌ലാലിന്റെ അതിമനോഹരമായ വലങ്കാലൻ ഷോട്ട് വീണ്ടും ബെൽജിയം വലകുലുക്കി. മൊറോക്കോ-2, ബെല്‍ജിയം-0.
ആദ്യ മത്സരത്തില്‍ കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ സമനിലയില്‍ തളച്ചായിരുന്നു മൊറോക്കോ അല്‍തുമാമയില്‍ ബെല്‍ജിയത്തോട് മുട്ടാനെത്തിയത്. എന്നാല്‍, ഈ മത്സരത്തിന് ഇങ്ങനെയൊരു അന്ത്യം ഫുട്ബോള്‍ ആരാധകരൊന്നും പ്രതീക്ഷിച്ചുകാണില്ല. ഈ വിജയത്തോടെ ഗ്രൂപ്പ് എഫില്‍ നാല് പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ് മൊറോക്കോ. മൂന്ന് പോയിന്‍റുമായി രണ്ടാം സ്ഥാനത്തുള്ള ബെല്‍ജിയത്തിന് ഇനി ക്രൊയേഷ്യയോടാണ് ഏറ്റുമുട്ടാനുള്ളതെന്നതാണ് പ്രധാനപ്പെട്ട കാര്യം.
0 Comments