banner

പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികൾക്കായി സമഗ്ര ശിക്ഷ കേരളയുടെ സ്‌കാഫോൾഡ് പദ്ധതി

കണ്ണൂർ : മിടുക്കരായ വിദ്യാര്‍ഥികളെ കണ്ടെത്തി ഹയര്‍ സെക്കണ്ടറി പഠനത്തിന് ശേഷം മികവുറ്റ പ്രൊഫഷണലുകളാക്കാന്‍ സമഗ്ര ശിക്ഷാ കേരളത്തിന്റെ സ്‌കഫോള്‍ഡ് പദ്ധതി. ദേശീയ, അന്തര്‍ദേശീയ തലങ്ങളിലെ മത്സര പരീക്ഷകളില്‍ തിളങ്ങാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരെയാണ് ഇതിന്റെ ഭാഗമാക്കുക. ബി പി എല്‍ വിഭാഗത്തിലെ ഉയര്‍ന്ന പഠന നിലവാരമുള്ള വിദ്യാര്‍ഥികള്‍ക്ക് ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനൊപ്പം നൈപുണ്യ പരിശീലനവും നല്‍കും. ഇതിലൂടെ ആശയവിനിമയ ശേഷി, വ്യക്തിഗത സവിശേഷതകള്‍ തുടങ്ങിയവ വളര്‍ത്തി മികച്ച കരിയര്‍ ഉറപ്പുവരുത്തും. എസ് സി, എസ് ടി വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കും മുന്‍ഗണന നല്‍കും. പൊതു വിദ്യാഭ്യാസവകുപ്പും സമഗ്ര ശിക്ഷാ കേരളവും എംപ്ലോയ്മെന്റ് ഡയറക്ടറേറ്റും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിന്റെ ഭാഗമായി അപേക്ഷിച്ച 698 ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുത്ത 50 കുട്ടികള്‍ക്കായി കണ്ണൂര്‍ ശിക്ഷക് സദനില്‍ രണ്ട് ദിവസത്തെ പരിശീലനം ശനിയാഴ്ച ആരംഭിച്ചു. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന 25 പേരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ഇവര്‍ക്ക് അവധി ദിവസങ്ങളില്‍ ജില്ലാ ആസ്ഥാനത്ത് വച്ച് പരിശീലനം നല്‍കും. ‘സ്‌കഫോള്‍ഡ് 2022 ‘ ദ്വിദിന റസിഡന്‍ഷ്യല്‍ ശില്‍പശാല ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ് അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ വിനോദ് കുമാര്‍, ഹയര്‍സെക്കണ്ടറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി വി വിനോദ് കുമാര്‍, കരിയര്‍ ഗൈഡന്‍സ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍ റീജ, ജില്ലാ പ്രോഗ്രാം ഓഫിസര്‍മാരായ രാജേഷ് കടന്നപ്പള്ളി, ടി പി അശോകന്‍, ബി ആര്‍ സി ട്രെയിനര്‍ ഇ സന്തോഷ് എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments