banner

ശശി തരൂർ പാണക്കാട്ടെത്തി; ചർച്ചയാകുന്നത് രാഷട്രീയമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി പാണക്കാട്ടെത്തി. പാണക്കാട് സാദിഖ് അലി തങ്ങളുമായും കുഞ്ഞാലിക്കുട്ടി എംഎല്‍എയുമായും ശശി തരൂരിന്റെ കൂടിക്കാഴ്ച തുടങ്ങി. തരൂരിന്റെ മലബാര്‍ സന്ദര്‍ശനത്തോടെ കോണ്‍ഗ്രസിനകത്ത് അസ്വാരസ്യങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം. തരൂരിന്റേത് സാധാരണ സന്ദര്‍ശനം മാത്രമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് സന്ദര്‍ശനം പതിവുള്ളതാണ്. 

രാഷ്ട്രീയവിഷയങ്ങളും ചര്‍ച്ചയാകുമെന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സാദിഖലി തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവര്‍ തരൂരിനെ സ്വീകരിച്ചു. തരൂരിനൊപ്പം എം കെ രാഘവന്‍ എം പിയും അനുഗമിച്ചു.
പെരിന്തല്‍മണ്ണയിലെ ഹൈദരലി തങ്ങളുടെ പേരിലുള്ള സിവില്‍ സര്‍വിസ് അക്കാദമിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. വൈകീട്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരേയും തരൂര്‍ സന്ദര്‍ശിക്കും. ബുധനാഴ്ച കണ്ണൂരിലാണ് പരിപാടികള്‍. എല്ലാ മതവിഭാഗങ്ങളുടെ കേന്ദ്രങ്ങളും സാംസ്‌കാരിക നേതാക്കളുടെ വസതികളും തരൂര്‍ സന്ദര്‍ശിക്കുന്നുണ്ട്. ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തില്‍ കെ സുധാകരനെതിരെ മുസ്ലിംലീഗ് പരസ്യ നിലപാട് എടുത്ത സാഹചര്യത്തിലാണ് സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും. മലപ്പുറം ഡിസിസി ഓഫീസും തരൂര്‍ സന്ദര്‍ശിക്കും.

Post a Comment

0 Comments