banner

എൽ.ഡി.എഫിന്റെ രാജ്ഭവൻ മാർച്ച്; സർക്കാർ ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം : ഗവർണർ -മുഖ്യമന്ത്രി പോരിന്റെ പശ്ചാത്തലത്തിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച രാജ്ഭവൻ ധർണയിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്. രണ്ട് അഡീഷണല്‍ സെക്രട്ടറിമാര്‍ അടക്കം ഏഴ് ഉദ്യോഗസ്ഥര്‍ക്കാണ് നോട്ടീസ് നൽകിയത്. സമരത്തിൽ പ​​ങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന ഗവർണറുടെ ചോദ്യത്തിനു പിന്നാലെയാണ് നടപടി.

സെക്രട്ടറിയേറ്റിലെ ഇടത് അനുകൂല സര്‍വീസ് സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്‍റ് പി.ഹണി, വൈസ് പ്രസിഡന്‍റ് ഇ.നാസര്‍, അംഗങ്ങളായ ഷൈനി, ജി ശിവകുമാര്‍, കെ.എന്‍ അശോക് കുമാര്‍, ഐ. കവിത, കല്ലുവിള അജിത് എന്നിവര്‍ക്കാണ് ചീഫ് സെക്രട്ടറി വി.പി. ജോയി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

ചട്ടം ലംഘിച്ച് സമരത്തിൽ പ​ങ്കെടുത്തതിന് സർക്കാർ ജീവനക്കാർ കാരണം കാണിക്കണമെന്നാണ് നോട്ടീസിൽ.

രാജ് ഭവൻ മാർച്ചിൽ സർക്കാർ ജീവനക്കാർ പ​ങ്കെടുക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ചീഫ് സെക്രട്ടറിയെ സമീപിക്കാനായിരുന്നു ഹൈകോടതി നിർദേശം.

മാർച്ചിൽ പ​ങ്കെടുത്ത ജീവനക്കാരു​ടെ പട്ടിക ബി.ജെ.പി ചീഫ് സെക്രട്ടറിക്ക് നൽകിയിരുന്നു. എന്നാൽ സർക്കാർ തലത്തിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ഗവർണർക്ക് പരാതി നൽകുകയായിരുന്നു. ചീഫ് സെക്രട്ടറിക്ക് ലഭിച്ച പരാതിയില്‍ എന്തെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായോ എന്ന് രാജ് ഭവന്‍ സര്‍ക്കാറിനോട് അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി നോട്ടീസ് നല്‍കിയത്.

Post a Comment

0 Comments